അംബേദ്കര്‍ ഇന്ത്യയെ കണ്ടവിധം

അഡ്വ. ജയശങ്കര്‍

southlive%2f2017-02%2f9fd1d808-31ce-4c6e-b938-9ae498272f0c%2fnehrutomodi-25-hero

1891 ഏപ്രില്‍ 14-ാം തീയതി മധ്യപ്രവിശ്യയിലെ മഹോവില്‍ സൈനിക ക്യാമ്പിലാണ് ഭീംറാവുവിന്റെ പിറവി. ബ്രിട്ടീഷ് സൈന്യത്തില്‍ സുബേദാര്‍ ആയിരുന്ന റാംജി മലോജിയുടെ 14 മക്കളില്‍ ഏറ്റവും ഇളയ സന്താനം. ബോംബെ പ്രവിശ്യയുടെ ഭാഗമായിരുന്ന രത്‌നഗിരി ജില്ലയിലെ അംബാവഡെ ഗ്രാമക്കാരനും മഹാര്‍ സമുദായക്കാരനുമായിരുന്നു അദ്ദേഹം. ബാല്യത്തില്‍ അയിത്തവും വിവേചനവും അനുഭവിച്ചു. പിതാവ് സൈന്യത്തില്‍ നിന്ന് പിരിഞ്ഞശേഷം ആദ്യം സത്താറയിലും പിന്നീട് ബോംബെയിലും താമസമുറപ്പിച്ചു.

1907-ല്‍ മെട്രിക്കുലേഷന്‍ പാസായി. ബോംബെയിലെ എല്‍ഫിന്‍സ്റ്റണ്‍ കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രവും രാഷ്ട്രമീമാംസയും ഐച്ഛികമായെടുത്ത് ബിരുദം നേടി. ബറോഡ മഹാരാജാവിന്റെ ധനസഹായത്തോടെ അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്ന് എം എ പാസായി. തുടര്‍ന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്ന് 1923-ലും കൊളംബിയയില്‍ നിന്ന് 1927-ലും ഡോക്ടറേറ്റ് നേടി. അതിനിടെ നിയമബിരുദവും കരസ്ഥമാക്കി.

1926-ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. അസ്പൃശ്യരുടെ ക്ഷേമവും വിദ്യാഭ്യാസ പുരോഗതിയും ലാക്കാക്കി ബഹിഷ്‌കൃത് ഹിതകാരിണി സഭ സ്ഥാപിച്ചു. മൂക് നായക്, ബഹിഷ്‌കൃത് ഭാരത് എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. കീഴാളവിരുദ്ധമെന്ന് ആക്ഷേപിച്ച് 1927 ഡിസംബര്‍ 25-ന് മനുസ്മൃതി കത്തിച്ചു. കോണ്‍ഗ്രസും മുസ്ലീം ലീഗും എതിര്‍ത്ത സൈമണ്‍ കമ്മീഷനുമായി സഹകരിച്ചു. ഒന്നാമത്തെയും രണ്ടാമത്തെയും വട്ടമേശ സമ്മേളനങ്ങളില്‍ പങ്കെടുത്തു. അസ്പൃശ്യര്‍ക്ക് പ്രത്യേകം നിയോജകമണ്ഡലങ്ങള്‍ വേണമെന്ന് വാദിച്ചു.

സ്വദേശിയും സത്യഗ്രഹവും മദ്യവര്‍ജനവും പോലെ അയിത്തോച്ചാടനവും ഹരിജനോദ്ധാരണവും കോണ്‍ഗ്രസിന്റെ അടിസ്ഥാന പ്രമാണങ്ങളായിരുന്നു. ഹരിജനങ്ങള്‍ക്ക് സംവരണമാകാം, അവര്‍ക്ക് മാത്രം വോട്ടവകാശമുള്ള പ്രത്യേക നിയോജക മണ്ഡലങ്ങള്‍ പാടില്ല എന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. ഹരിജനങ്ങള്‍ ഹിന്ദു സമുദായത്തിന്റെ ഭാഗമാണെന്നും അവര്‍ക്കു പ്രത്യേക മണ്ഡലം അനുവദിക്കുന്നപക്ഷം താന്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്ന് മഹാത്മാഗാന്ധി 1932 മാര്‍ച്ച് 11ന് സ്റ്റേറ്റ് സെക്രട്ടറി സര്‍ സാമുവല്‍ ഹോറിന് കത്തെഴുതി.

മദ്രാസ് പ്രവിശ്യയിലെ കീഴാളരുടെ പ്രമുഖ നേതാവായിരുന്നു റാവു ബഹദൂര്‍ എം സി രാജ. ആദ്യകാലത്ത് ജസ്റ്റിസ് പാര്‍ട്ടി നേതാവും നിയമസഭാംഗവുമായിരുന്ന അദ്ദേഹം അസ്പൃശ്യരോടുള്ള ചിറ്റമ്മ നയത്തില്‍ പ്രതിഷേധിച്ച് 1923-ല്‍ പാര്‍ട്ടി വിട്ടു. അംബേദ്കറുമായി യോജിച്ച് പ്രവര്‍ത്തിച്ചു. തൊട്ടുകൂടായ്മ അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ ഹിന്ദുമതം ഉപേക്ഷിക്കണം എന്ന അംബേദ്കറുടെ അഭിപ്രായം പക്ഷേ രാജയ്ക്ക് സ്വീകാര്യമായില്ല. ഹിന്ദുമതം നമുക്ക് പരിപാവനമാണ്, അതിനെ ശുദ്ധീകരിക്കുകയും സംരക്ഷിക്കുകയുമാണ് വേണ്ടത്; തുല്യതയും മെച്ചപ്പെട്ട പരിഗണനയുമാണ് അസ്പൃശ്യര്‍ക്ക് ആവശ്യമെന്ന നിലപാട് കൈക്കൊണ്ടു. രാജ ഹിന്ദുമഹാസഭാ നേതാവ് ഡോ. ബി എസ് മൂഞ്ചെയുമായി ധാരണയിലെത്തി. പൊതു മണ്ഡലങ്ങള്‍ക്കുള്ളില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം എന്ന് തത്വത്തില്‍ അംഗീകരിച്ചു.

1932 ആഗസ്റ്റ് 17-ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസേ മക്‌ഡൊണാള്‍ഡ് വിഖ്യാതമായ കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. 1909-ല്‍ മുസ്ലീങ്ങള്‍ക്കും 1919-ല്‍ സിഖുകാര്‍ക്കും അനുവദിച്ച പ്രത്യേക നിയോജക മണ്ഡലങ്ങള്‍ അതോടെ യൂറോപ്യന്മാര്‍ക്കും ആംഗ്ലോ ഇന്ത്യന്‍സിനും ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്കും പട്ടികജാതിക്കാര്‍ക്കും അനുവദിക്കപ്പെട്ടു.ഇന്‍ഡിപെന്റഡ് ലേബര്‍ പാര്‍ട്ടി രൂപീകരണം ഇന്‍ഡിപെന്റഡ് ലേബര്‍ പാര്‍ട്ടി രൂപീകരണം

മഹാത്മാഗാന്ധി കഠിനമായി പ്രതിഷേധിച്ചു. മരണപര്യന്തം നിരാഹാരം അനുഷ്ഠിക്കാനുള്ള തീരുമാനം ആഗസ്റ്റ് 18-ന് പ്രധാനമന്ത്രിയെ കത്തുമുഖേന അറിയിച്ചു. അധഃസ്ഥിത വര്‍ഗക്കാരോടുള്ള ശത്രുതാമനോഭാവം കൊണ്ടാണ് ഗാന്ധിജി പ്രത്യേക മണ്ഡലങ്ങളെ എതിര്‍ക്കുന്നതെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് സെപ്തംബര്‍ എട്ടിന് മക്‌ഡൊണാള്‍ഡ് മറുപടി അയച്ചു. തന്റെ നിലപാടിനെ പ്രധാനമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും ഹിന്ദു സമൂഹത്തെ തകര്‍ക്കാനും വിഷം കുത്തിവെക്കാനുമുള്ള ശ്രമമാണിതെന്നും മഹാത്മജി ആരോപിച്ചു. അതേസമയം പ്രത്യേക മണ്ഡലങ്ങള്‍ കൂടിയേ തീരൂ എന്ന നിലപാടില്‍ ഡോ. അംബേദ്കര്‍ ഉറച്ചുനിന്നു. കീഴാളരെ ഹരിജനങ്ങള്‍ എന്ന് വിളിക്കുന്നതിനെയും അപലപിച്ചു.

ഹരിജനങ്ങള്‍ക്ക് 71 പ്രത്യേക മണ്ഡലങ്ങള്‍ക്ക് പകരം പൊതുസീറ്റുകള്‍ക്കുള്ളില്‍ 148 സ്ഥാനം സംവരണം ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് സെപ്തംബര്‍ 20-ന് ഗാന്ധിജി യെര്‍വാദ ജയിലില്‍ ഉപവാസസമരം ആരംഭിച്ചു. അതോടെ രാജ്യത്തെ വൈകാരികാന്തരീക്ഷം പാടേ മാറി. മഹാത്മാവിന്റെ ജീവന്‍ രക്ഷിക്കണം എന്ന മുറവിളി ഉയര്‍ന്നു. മദന്‍മോഹന്‍ മാളവ്യ, സര്‍ദാര്‍ പട്ടേല്‍, ഡോ. രാജേന്ദ്രപ്രസാദ്, ഘനശ്യാംദാസ് ബിര്‍ള, അമൃതലാല്‍ താക്കര്‍ എന്നിവര്‍ കൂടിയാലോചനയ്ക്ക് മുന്‍കൈ എടുത്തു.

കഠിനമായ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഡോ. അംബേദ്കര്‍ക്ക് കഴിഞ്ഞില്ല. സെപ്തംബര്‍ 24-ന് പൂനയില്‍ വെച്ച് മാളവ്യയും അംബേദ്കറും കരാര്‍ ഒപ്പിട്ടു. സെപ്തംബര്‍ 26-ന് പൂനാ കരാര്‍ ബ്രിട്ടീഷ് സര്‍ക്കാരും അംഗീകരിച്ചു. അക്കാര്യം അന്ന് വൈകിട്ട് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ യെര്‍വാദ ജയിലിലെത്തി ഗാന്ധിജിയെ അറിയിച്ചു. അങ്ങനെ ഉപവാസ സമരം സമംഗളം സമാപിച്ചു. മഹാത്മാഗാന്ധിയുടെ അനുഗ്രഹാശിസുകളോടെ സെപ്തംബര്‍ 30-ന് ഓള്‍ ഇന്ത്യ ആന്റി അണ്‍ടച്ചബിലിറ്റി ലീഗ് പ്രവര്‍ത്തനം ആരംഭിച്ചു. ജി ഡി ബിര്‍ള ആയിരുന്നു പ്രസിഡന്റ്; തക്കര്‍ ബാപ്പ സെക്രട്ടറി.

പൂനാകരാര്‍ പ്രകാരം അസ്പൃശ്യര്‍ക്കായി 148 മണ്ഡലങ്ങള്‍ സംവരണം ചെയ്യപ്പെട്ടു. പഞ്ചാബ് -8, യുപി – 20, കേന്ദ്ര പ്രവിശ്യ – 20, ആസാം -7, മദ്രാസ്-30, ബംഗാള്‍-30, ബോംബെയും സിന്ധും കൂടി -15, ബിഹാറും ഒറീസയും കൂടി 18. കേന്ദ്ര നിയമസഭയിലെ 18% സീറ്റുകളും സംവരണം ചെയ്തു.

1936-ല്‍ ഡോ. അംബേദ്കര്‍ ‘ജാതി ഉന്മൂലനം’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ആ വര്‍ഷം തന്നെ ഇന്‍ഡിപെന്റഡ് ലേബര്‍ പാര്‍ട്ടി രൂപീകരിച്ചു. 1937-ലെ തെരഞ്ഞെടുപ്പില്‍ 13 സംവരണ സീറ്റിലും നാല് ജനറല്‍ സീറ്റിലും പാര്‍ട്ടി മത്സരിച്ചു. 11 സംവരണസീറ്റും മൂന്ന് പൊതു സീറ്റും ജയിച്ചു.

കോണ്‍ഗ്രസിനോടും ഹിന്ദുമഹാസഭയോടും എന്നപോലെ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടും അംബേദ്കര്‍ അകലം പാലിച്ചു. സവര്‍ണ സമുദായക്കാരാല്‍ നയിക്കപ്പെടുന്ന പാര്‍ട്ടികള്‍ കീഴാളരെ വഞ്ചിക്കുകയാണെന്ന് കുറ്റപ്പെടുത്തി. മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികളില്‍ മുസ്ലീംലീഗിനോടായിരുന്നു അദ്ദേഹത്തിന് അനുഭാവം. അംബേദ്കര്‍ ഒരു ഘട്ടത്തിലും ദേശീയ സമരവുമായി സഹകരിച്ചില്ല. രണ്ടാംലോക മഹായുദ്ധകാലത്ത് അദ്ദേഹം പ്രതിരോധ ഉപദേശക സമിതിയില്‍ അംഗത്വം സ്വീകരിച്ചു. ക്വിറ്റ് ഇന്ത്യാ സമരം ആളിക്കത്തിയ 1942-ല്‍ അംബേദ്കര്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ അംഗമായി.

1943-ല്‍ എം സി രാജ അന്തരിച്ചു. അപ്പോഴേക്കും ബീഹാറില്‍ നിന്ന് മറ്റൊരു താരം ഉദിച്ചുയര്‍ന്നു- ബാബു ജഗജീവന്‍ റാം. 1908 ഏപ്രില്‍ 5-ന് അറായ്ക്കടുത്ത് ചാന്ദവായില്‍ ഒരു സൈനികന്റെ മകനായി ജനിച്ച റാം ബനാറസിലും കല്‍ക്കട്ടാ സര്‍വ്വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കി പൊതുരംഗത്ത് പ്രവേശിച്ചു. അറാ ടൗണ്‍ സ്‌കൂളില്‍ നിന്ന് അദ്ദേഹത്തെ ബനാറസിലേക്ക് കൂട്ടിക്കൊണ്ടുപോയത് പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയും കല്‍ക്കട്ടയില്‍ വെച്ച് രാഷ്ട്രീയത്തില്‍ കൈപിടിച്ചുയര്‍ത്തിയത് നേതാജി സുഭാഷ് ചന്ദ്രബോസും ആയിരുന്നു. 1937-ല്‍ റാം ബിഹാര്‍ നിയമസഭാംഗമായി 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു.

യുദ്ധം അവസാനിച്ചശേഷം 1946 ജനുവരിയില്‍ കേന്ദ്ര നിയമസഭയിലേക്കും ഏപ്രില്‍ മാസത്തില്‍ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടന്നു. അംബേദ്കറും അനുയായികളും ഓള്‍ ഇന്ത്യാ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷന്‍ രൂപീകരിച്ച് മത്സരിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെട്ടു. പട്ടികജാതി സംവരണ മണ്ഡലങ്ങള്‍ മൊത്തം കോണ്‍ഗ്രസ് തൂത്തുവാരി.

1946 ജൂലൈ മാസം ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. അംബേദ്കറെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് കൂട്ടാക്കിയില്ല. ബോംബെയില്‍ നിന്ന് ജയിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം കല്‍ക്കട്ടയ്ക്ക് വണ്ടി കയറി. അംബേദ്കറുടെ വലിയൊരു ആരാധകനും അനുയായിയുമായിരുന്ന ജോഗേന്ദ്ര നാഥ് മണ്ഡല്‍ മുസ്ലീംലീഗിന്റെ പിന്തുണ തരപ്പെടുത്തി. അങ്ങനെ ബംഗാളില്‍ നിന്ന് അദ്ദേഹം ഭരണഘടനാ അസംബ്ലിയില്‍ അംഗമായി.

1946 സെപ്തംബര്‍ രണ്ടിന് ജവഹര്‍ലാല്‍ നെഹ്‌റു ഇടക്കാല മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ പട്ടികജാതിക്കാരുടെ പ്രതിനിധിയായി ജഗജീവന്‍ റാമിനെ ഉള്‍പ്പെടുത്തി. തൊഴില്‍വകുപ്പു നല്‍കി. ആ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു റാം. ജഗജീവനെ മന്ത്രിയാക്കിയതില്‍ അംബേദ്കര്‍ പ്രതിഷേധിച്ചു. സര്‍ക്കാരുമായി സഹകരിക്കരുതെന്ന് സമുദായാംഗങ്ങളോട് ആഹ്വാനം ചെയ്തു. നെഹ്‌റു ഗൗനിച്ചില്ല. പിന്നീട് ഒക്ടോബര്‍ 15-ന് മുസ്ലീംലീഗിന്റെ പ്രതിനിധിയായി മറ്റൊരു പട്ടികജാതിക്കാരന്‍ കൂടി മന്ത്രിസഭയിലെത്തി- ജോഗേന്ദ്ര നാഥ് മണ്ഡല്‍.

1942 മുതലെങ്കിലും മുസ്ലീംലീഗിന്റെ പാകിസ്താന്‍ വാദത്തെ പിന്തുണച്ചയാളാണ് ഡോ. അംബേദ്കര്‍. ഇന്ത്യാവിഭജനത്തിന്റെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമായപ്പോള്‍ അദ്ദേഹം നിലപാട് മാറ്റി. ഇരുരാജ്യങ്ങളും പരസ്പരം ജനങ്ങളെ കൈമാറ്റം ചെയ്യണമെന്നാവശ്യപ്പെട്ടു. അല്ലാത്തപക്ഷം തുര്‍ക്കിയില്‍ അര്‍മേനിയക്കാര്‍ക്കും സാറിസ്റ്റ് റഷ്യയിലും നാസി ജര്‍മ്മനിയിലും യഹൂദന്മാര്‍ക്കും ഉണ്ടായ ദുര്‍വിധിയാണ് പാകിസ്താനില്‍ അമുസ്ലീം ന്യൂനപക്ഷത്തിന് ഉണ്ടാകാന്‍ പോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് അംബേദ്കര്‍ അടക്കം ബംഗാളില്‍ നിന്നുളള ഏതാനും പേര്‍ക്ക് ഭരണഘടനാ അസംബ്ലിയിലെ അംഗത്വം നഷ്ടപ്പെടും എന്ന സാഹചര്യമുണ്ടായി. ആ ഘട്ടത്തില്‍ കോണ്‍ഗ്രസ് കനിഞ്ഞു. ഡോ. എം ആര്‍ ജയകര്‍ രാജിവെച്ച ഒഴിവില്‍ ബോംബെയില്‍ നിന്ന് അംബേദ്കറെ തെരഞ്ഞെടുത്തയച്ചു.

1947 ആഗസ്റ്റ് 15-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദേശീയ മന്ത്രിസഭയില്‍ നിയമമന്ത്രിയായി അംബേദ്കറെ ഉള്‍പ്പെടുത്തി. ബാബു ജഗജീവന്‍ റാം തൊഴില്‍മന്ത്രിയായി തുടര്‍ന്നു. ആഗസറ്റ് 29-ാം തീയതി അംബേദ്കര്‍ ഭരണഘടനയുടെ കരട് തയ്യാറാക്കുന്ന ഉപസമിതിയുടെ അധ്യക്ഷനായി ചുമതലയേറ്റു. 1950 ജനുവരി 24 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. അയിത്താചരണം നിരോധിക്കുന്ന 17-ാം അനുച്ഛേദം, ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന് വിലക്കുന്ന വ്യവസ്ഥകള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനായുള്ള അധ്യായം എന്നിവ അദ്ദേഹത്തിന്റെ പ്രത്യേക താല്‍പര്യത്താല്‍ ഉണ്ടായവയാണ്.

സാമുദായിക സംവരണം ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വാവകാശത്തിന്റെ ലംഘനമാണെന്ന് മദ്രാസ് സംസ്ഥാനവും ചെമ്പകം ദൊരൈരാജനും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വിധിച്ചു. 1951 ഏപ്രില്‍ ഒമ്പതാം തീയതി ചീഫ് ജസ്റ്റിസ് എച്ച് ജെ കനിയ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഈ വിധി പാസാക്കിയത്. അതേത്തുടര്‍ന്ന് മദ്രാസില്‍ വലിയ പ്രക്ഷോഭമുണ്ടായി. ജൂണ്‍ മാസത്തില്‍ ഭരണഘടന ഭേദഗതി ചെയ്തു. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സംവരണം ഭരണഘടനാനുസൃതമാക്കി.

അംബേദ്കറുടെ ആദ്യ ഭാര്യ രമാബായ് 1935-ല്‍ മരിച്ചിരുന്നു. 1948-ല്‍ അദ്ദേഹം ഡോ. ശാരദാ കബീര്‍ എന്നൊരു ബ്രാഹ്മണ വനിതയെ വിവാഹം ചെയ്തു. അവര്‍ പിന്നീട് ഡോ. സബിത അംബേദ്കര്‍ എന്നറിയപ്പെട്ടു.

കേന്ദ്രമന്ത്രിസഭയില്‍ തുടരുമ്പോഴും നെഹ്‌റുവുമായി പലകാര്യങ്ങളിലും അംബേദ്കര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഹൈദരാബാദിനെ ബലംപ്രയോഗിച്ച് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനും എതിരായിരുന്നു. എന്നാല്‍ ഹിന്ദു കോഡ് ബില്ലിനെ സംബന്ധിച്ചാണ് ഏറ്റവും വലിയ അഭിപ്രായഭിന്നത ഉടലെടുത്തത്.

ഹിന്ദു വ്യക്തിനിയമം പരിഷ്‌കരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമുള്ള ശ്രമം ബ്രിട്ടീഷ് ഭരണകാലത്തുതന്നെ ആരംഭിച്ചിരുന്നു. 1941-ല്‍ സര്‍ ബി എന്‍ റാവു അധ്യക്ഷനായ നാലംഗ കമ്മിറ്റി അതിനായി പ്രവര്‍ത്തനം ആരംഭിച്ചു. 1947-ല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതാക്കണം, ആണ്‍- പെണ്‍ ഭേദമന്യേ മക്കള്‍ക്ക് സ്വത്തില്‍ തുല്യാവകാശം നല്‍കണം, വിജാതീയ വിവാഹവും വിവാഹ മോചനവും അനുവദിക്കണം, ബഹുഭാര്യാത്വം നിരോധിക്കണം എന്നൊക്കെയായിരുന്നു പ്രധാന ശുപാര്‍ശകള്‍.

സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം 1948-ല്‍ നിയമമന്ത്രി അംബേദ്കര്‍ ആ ശുപാര്‍ശ അല്‍പസ്വല്‍പ വ്യത്യാസങ്ങളോടെ ഹിന്ദു കോഡ് ബില്ലായി അവതരിപ്പിച്ചു. ജാതിക്കതീതമായി, ക്രിസ്ത്യാനിയും മുസ്ലീമും പാഴ്‌സിയും യഹൂദനുമല്ലാത്തയാള്‍ എന്ന രീതിയിലാണ് ഹിന്ദുവിനെ നിര്‍വ്വചിച്ചിരുന്നത്. 1951 ഫെബ്രുവരി അഞ്ചിന് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ യാഥാസ്ഥിതികര്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. സര്‍ദാര്‍ പട്ടേലും പട്ടാഭി സീതാരാമയ്യയും പുരുഷോത്തംദാസ് ഠണ്ഡനും എതിര്‍പ്പുകാരുടെ കൂട്ടത്തിലായിരുന്നു. സനാതന ധര്‍മ്മത്തെയും ഹിന്ദു മതത്തെയും തകര്‍ക്കാനുള്ള ശ്രമമാണ് ഭീംസ്മൃതി എന്ന് ഡോ. ശ്യാമപ്രസാദ് മുഖര്‍ജി കുറ്റപ്പെടുത്തി. ശ്രുതിയിലും സ്മൃതിയിലും അധിഷ്ഠിതമായ ധര്‍മ്മശാസ്ത്രം മാറ്റിമറിക്കാന്‍ ചണ്ഡാലനായ അംബേദ്കര്‍ക്ക് എന്തവകാശമെന്ന് സ്വാമി കര്‍പത്രി അത്ഭുതംകൂറി. രാഷ്ട്രപതി രാജേന്ദ്ര പ്രസാദും ഹിന്ദു കോഡ് ബില്ലിനോടുള്ള വിപ്രതിപത്തി മറച്ചുവെച്ചില്ല.

1957 സെപ്തംബര്‍ 15-ന് പാര്‍ലമെന്റില്‍ ചര്‍ച്ച ആരംഭിച്ചു. എതിര്‍പ്പ് രൂക്ഷമായപ്പോള്‍, തത്കാലം വിവാഹത്തെയും മോചനത്തെയും സംബന്ധിച്ച ഒന്നുമുതല്‍ 55 വരെ വകുപ്പുകള്‍ പാസാക്കിയാല്‍ മതിയെന്ന് നെഹ്‌റു സമ്മതിച്ചു. പക്ഷേ, 50 മണിക്കൂര്‍ ചര്‍ച്ച ചെയ്തിട്ടും മൂന്ന് വകുപ്പേ പാസാക്കാന്‍ കഴിഞ്ഞുള്ളൂ. അംബേദ്കറുടെ കരടുബില്ലില്‍ ഒരുപാട് വെള്ളം ചേര്‍ത്തിട്ടുപോലും പാര്‍ലമെന്റിന്റെ കടമ്പ കടന്നില്ല. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് ബില്ല് പുനരവതരിപ്പിക്കാം എന്ന് നെഹ്‌റു തീരുമാനിച്ചു. കുപിതനായ അംബേദ്കര്‍ 1951 സെപ്തംബര്‍ 27-ന് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. നെഹ്‌റുവിനെ അധഃസ്ഥിതരുടെ ശത്രുവെന്ന് കുറ്റപ്പെടുത്തി.

മന്ത്രിസ്ഥാനം രാജിവെച്ച അംബേദ്കര്‍ ഒക്ടോബര്‍ 16-ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ ഉദ്ദേശിച്ചു. എന്നാല്‍ പ്രസ്താവനയുടെ കോപ്പി മുന്‍കൂര്‍ ലഭ്യമാക്കിയില്ല എന്ന കാരണത്താല്‍ ഉപാധ്യക്ഷന്‍ ഹരേ കൃഷ്ണ മേത്താബ് അനുമതി നിഷേധിച്ചു. കോപാകുലനായ അംബേദ്കര്‍ പാര്‍ലമെന്റില്‍ നിന്ന് ഇറങ്ങിപ്പോയി. നെഹ്‌റുവിന്റെ വിദേശ നയത്തെയും കശ്മീര്‍ നയത്തെയും ഹിന്ദുകോഡ് ബില്ലിന്റെ കാര്യത്തില്‍ കാണിച്ച നട്ടെല്ലില്ലായ്മയെയും നിശിതമായി വിമര്‍ശിക്കുന്ന പ്രസ്താവന പത്രങ്ങള്‍ക്ക് നല്‍കി.

ഹിന്ദു കോഡ് ബില്ല് പാസായെങ്കില്‍ പോലും അംബേദ്കര്‍ക്ക് അധികകാലം മന്ത്രിയായി തുടരാനാകുമായിരുന്നില്ല. കാരണം പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരുന്നു. കോണ്‍ഗ്രസുകാരനല്ലാത്ത അദ്ദേഹത്തിന് സ്വന്തം പാര്‍ട്ടി ശക്തിപ്പെടുത്തുകയും തെരഞ്ഞടുപ്പിന് ഒരുങ്ങുകയും ചെയ്യേണ്ടിയിരുന്നു.

പാകിസ്താനിലെ ഹിന്ദുക്കള്‍ക്ക് തുര്‍ക്കിയിലെ അര്‍മേനിയക്കാരുടെ ഗതിവരുമെന്ന അംബേദ്കറുടെ പ്രവചനം 1950-ല്‍ തന്നെ സത്യമായി ഭവിച്ചു. കിഴക്കന്‍ ബംഗാളിലേയും സിന്ധിലെയും പട്ടികജാതിക്കാര്‍ക്കാണ് ആ ദുര്യോഗം ഉണ്ടായതെന്നുമാത്രം. കല്‍ഷിറയിലെ പോലീസ് നടപടിക്കും ഡാക്കയിലെ കലാപത്തിനും അഭയാര്‍ത്ഥി പ്രവാഹത്തിനും ശേഷം നെഹ്‌റു- ലിയാക്കത്ത് ഉടമ്പടി ഒപ്പിട്ടുവെങ്കിലും പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി പരിതാപകരമായി തുടര്‍ന്നു. തിരിച്ചുചെന്ന അഭയാര്‍ത്ഥികള്‍ക്ക് ഭൂമി വിട്ടുകൊടുക്കാന്‍ പുതിയ കൈവശക്കാര്‍ കൂട്ടാക്കിയില്ല. മതംമാറ്റത്തിനും നിര്‍ബന്ധിത വിവാഹത്തിനും വിധേയരായ സ്ത്രീകളുടെ കാര്യവും തഥൈവ. വിവേചനവും പീഡനവും പൂര്‍വ്വാധികം കഠിനമായി.

1946 ആഗസ്റ്റ് 16-ന് കല്‍ക്കട്ടയിലും തുടര്‍ന്ന് നവാഖലിയിലും നടന്ന കൂട്ടക്കൊലകളെ ന്യായീകരിച്ച, വിഭജനത്തിനുവേണ്ടി വാദിച്ച, സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷവും നമോ ശൂദ്രരരോട് കിഴക്കന്‍ ബംഗാളില്‍ തുടര്‍ന്ന് താമസിക്കാന്‍ ആഹ്വാനം ചെയ്ത നേതാവാണ് ജോഗേന്ദ്രനാഥ് മണ്ഡല്‍. ജിന്ന അദ്ദേഹത്തെ പാകിസ്താന്റെ നിയമമന്ത്രിയായി നിയമിച്ചു. കല്‍ഷിറയിലേയും ഡാക്കയിലെയും സംഭവവികാസങ്ങള്‍ മണ്ഡലിന്റെ കണ്ണുതുറപ്പിച്ചു. നെഹ്‌റു- ലിയാക്കത്ത് കരാര്‍ അട്ടിമറിച്ചതോടെ അദ്ദേഹം തീര്‍ത്തും നിരാശനായി. 1950 ഒക്ടോബര്‍ 8-ന് മണ്ഡല്‍ മന്ത്രിപദം രാജിവെച്ചു. പാകിസ്താനിലെ ഹിന്ദു-ക്രിസ്ത്യന്‍-അഹമ്മദീയ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ രാജിക്കത്തില്‍ എണ്ണിയെണ്ണിപറഞ്ഞു. ഇന്ത്യയിലേക്ക് തിരിച്ചുവന്നു ശിഷ്ടകാലം കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പരിചരിച്ച് തന്റെ മുന്‍കാല പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്തു.പാര്‍ലമെന്റില്‍ ഹിന്ദു കോഡ് ബില്ലിനെക്കുറിച്ച് ഡോ. അംബേദ്കര്‍ മതപണ്ഡിതരുമായി ചര്‍ച്ച ചെയ്യുന്നു. (1951)
പാര്‍ലമെന്റില്‍ ഹിന്ദു കോഡ് ബില്ലിനെക്കുറിച്ച് ഡോ. അംബേദ്കര്‍ മതപണ്ഡിതരുമായി ചര്‍ച്ച ചെയ്യുന്നു. (1951)

ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ അംബേദ്കര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷന്‍ പുനരുജ്ജീവിപ്പിച്ചു. ബോംബെ നോര്‍ത്ത്(സംവരണ) മണ്ഡലത്തില്‍ മത്സരിച്ചു. മുമ്പ് അദ്ദേഹത്തിന്റെ സഹായിയായിരുന്ന നാരായണ്‍ കജ്രോല്‍കര്‍ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സ്ഥലത്ത് ഡയറി ഫാം നടത്തി കാലയാപനം ചെയ്യുന്ന കജ്രോല്‍കര്‍ ഭരണഘടനാ ശില്‍പിയെ വെല്ലുവിളിക്കുന്നതിനെ പരിഹസിച്ചുകൊണ്ട് അംബേദ്കര്‍ ഭക്തന്മാര്‍ മുദ്രാവാക്യമുണ്ടാക്കി: ‘കുഥേ തോ ഘട്‌നാകര്‍ അംബേദ്കര്‍, അതി കുഥേ ഹാ ലോനിവിക്യാ കജ്രോല്‍കര്‍? ‘

ബോംബെയിലെ മറ്റു മണ്ഡലങ്ങളില്‍ മത്സരിച്ചത് സോഷ്യലിസ്റ്റുപാര്‍ട്ടിയിലെ വന്‍തോക്കുകളായിരുന്നു. ബോംബെ സൗത്തില്‍ ത്രികംദാസ് പുരുഷോത്തം ദാസ്, ബോംബെ നോര്‍ത്ത്(പൊതു) മണ്ഡലത്തില്‍ അശോക് മേത്ത, സബര്‍ബന്‍ ബോംബെയില്‍ കമലാദേവി ചതോപാധ്യായ. പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ അവര്‍ക്കായിരുന്നു മുന്‍തൂക്കം. സോഷ്യലിസ്റ്റ് നേതാക്കളെയും അംബേദ്കറെയും അമര്‍ച്ച ചെയ്യാന്‍ പണ്ഡിറ്റ് നെഹ്‌റു നേരിട്ട് അവതരിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ചൗപ്പാത്തി കടപ്പുറത്ത് രണ്ടുലക്ഷം പേര്‍ തടിച്ചുകൂടി. അതോടെ മത്സരത്തിന്റെ ദിശമാറി. ബോംബൈയിലെ നാലുസീറ്റിലും അന്യഥാ അപ്രസക്തരായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നിഷ്പ്രയാസം വിജയിച്ചു.

ബോംബെ നോര്‍ത്ത്(സംവരണ) മണ്ഡലത്തില്‍ ഡോ. അംബേദ്കര്‍ക്ക് 1, 23, 576 വോട്ടുകിട്ടിയപ്പോള്‍ കജ്രോല്‍കര്‍ 1, 38, 137 വോട്ടുനേടി വിജയിച്ചു. ഭൂരിപക്ഷം 14, 561. ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷന്‍ രണ്ട് സീറ്റിലേ ജയിച്ചുള്ളൂ. ബോംബെ സംസ്ഥാനത്തെ സോളാപൂരില്‍ പാണ്ഡുരംഗ് നാഥുജി രാജ്‌ഭോജ; ഹൈദരാബാദിലെ കരീംനഗറില്‍ എം ആര്‍ കൃഷ്ണ.

ബിഹാറിലെ ഷഹബാദില്‍ നിന്ന് അമ്പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച ബാബു ജഗജീവന്‍ റാം വീണ്ടും മന്ത്രിയായി. അത്തവണ വാര്‍ത്താവിനിമയ വകുപ്പാണ് കിട്ടിയത്. 1953 ഏപ്രില്‍ 5-ന് ജഗജീവന്‍ റാമിന്റെ 45-ാം ജന്മദിനം കജ്രോല്‍കറുടെ നേതൃത്വത്തില്‍ ബോംബെയില്‍ വിപുലമായി ആഘോഷിക്കപ്പെട്ടു. പ്രത്യുപകാരമെന്നോണം കജ്രോല്‍കറെ പിന്നോക്ക സമുദായ കമ്മീഷന്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്തു. 1962-ലും അദ്ദേഹം ബോംബെയില്‍ നിന്ന് ലോക്‌സഭാംഗമായി. 1970-ല്‍ രാഷ്ട്രം പത്മഭൂഷണ്‍ നല്‍കി കജ്രോല്‍ക്കറെ ആദരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോറ്റെന്നു കരുതി അംബേദ്കര്‍ പൊതുരംഗത്തുനിന്നു പിന്മാറിയില്ല. ആ വര്‍ഷം തന്നെ അദ്ദേഹം ബോംബെയില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1954-ല്‍ മധ്യപ്രദേശിലെ ഭണ്ഡാരെ സംവരണ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. അവിടെ അംബേദ്കര്‍ മത്സരിച്ചുവെങ്കിലും തോറ്റു; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഒരു ഹിന്ദുവായാണ് ഞാന്‍ ജനിച്ചത്. പക്ഷേ ഹിന്ദുവായി മരിക്കില്ല എന്ന് ഡോ. അംബേദ്കര്‍ 1930-കളില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തെ മതംമാറ്റാന്‍ പാതിരിമാരും മൗലവിമാരും കൊണ്ടുപിടിച്ച് ശ്രമിക്കുകയും ചെയ്തിരുന്നു. സിഖുമതത്തോടായിരുന്നു അംബേദ്കര്‍ക്ക് പ്രതിപത്തി. പക്ഷേ അവിടെയും ഉച്ചനീചത്വം ഉണ്ടെന്നു തിരിച്ചറിഞ്ഞപ്പോള്‍ പിന്തിരിഞു. പിന്നീട് ബുദ്ധമത തത്വങ്ങള്‍ പഠിച്ചു. ബൗദ്ധദര്‍ശനം തന്റേതായ രീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ട് ഗ്രന്ഥങ്ങള്‍ എഴുതി. 1950-ല്‍ സിലോണ്‍ സന്ദര്‍ശിച്ചു, കൊളംബോയില്‍ നടന്ന ലോകബുദ്ധമത സമ്മേളനത്തില്‍ പങ്കെടുത്തു. 1954-ല്‍ രണ്ടുതവണ ബര്‍മ്മ സന്ദര്‍ശിച്ചു. റംഗൂണിലെ ബുദ്ധമത സമ്മേളനത്തിലും പങ്കെടുത്തു. 1955-ല്‍ ഭാരതീയ ബുദ്ധമഹാസഭ സ്ഥാപിച്ചു. 1956 ഒക്ടോബര്‍ 14-ന് നാഗ്പൂരില്‍ നടന്ന മഹാസമ്മേളനത്തില്‍ അംബേദ്കറും മൂന്ന് ലക്ഷത്തോളം അനുയായികളും ഔപചാരികമായി ബുദ്ധമതം സ്വീകരിച്ചു.

കാള്‍ മാര്‍ക്‌സിനെപ്പോലെ വലിയൊരു സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്നു ശ്രീബുദ്ധനെന്ന് അംബേദ്കര്‍ വിലയിരുത്തി. രക്തച്ചൊരിച്ചിലില്ലാത്ത കമ്മ്യൂണിസമാണ് അഥവാ ജനാധിപത്യ രീതിയിലുള്ള വിപ്ലവമാണ് ബുദ്ധമതം. അയിത്തവും വിവേചനവും അനുഭവിക്കുന്ന കീഴാളര്‍ക്ക് അതാണ് മോചനമാര്‍ഗം.

ഏതാണ്ട് ഇതേകാലത്ത് അദ്ദേഹത്തിന് പ്രമേഹരോഗം മൂര്‍ച്ഛിച്ചു. 1956 ഡിസംബര്‍ ആറാം തീയതി ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായി അംബേദ്കര്‍ നിര്‍വാണം പ്രാപിച്ചു. പിറ്റേന്ന് ചൗപാത്തി കടപ്പുറത്ത് ബുദ്ധമതാചാരപ്രകാരം സംസ്‌കരിച്ചു. നേതാവിനോടുള്ള ആദരസൂചകമായി പതിനായിരക്കണക്കിന് അനുയായികള്‍ അവിടെവെച്ച് ബുദ്ധമതം സ്വീകരിച്ചു.

ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ഫെഡറേഷനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയാക്കി മാറ്റാനുള്ള ശ്രമത്തിനിടയിലാണ് അംബേദ്കര്‍ മരിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം അനുയായികള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപീകരിക്കുകയും പരസ്പരം കലഹിച്ച് ചെറുഗ്രൂപ്പുകളായി ചിന്നിച്ചിതറുകയും ചെയ്തു. പട്ടികജാതി വിഭാഗക്കാര്‍ കോണ്‍ഗ്രസിന്റെ ഉറച്ച വോട്ടുബാങ്കായി പരിണമിച്ചു. ബാബു ജഗജീവന്‍ റാം ദേശീയ രാഷ്ട്രീയത്തില്‍ ഒരു വടവൃക്ഷമായി പടര്‍ന്നു പന്തലിച്ചു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s