അര്‍ണാബ് ഗോസ്വാമി മാനോ മാരീചനോ?

രാജീവ് ദേവരാജ്
arnab-goswami

അര്‍ണാബ് ഗോസ്വാമി നയിച്ച ടൈംസ് നൗ രാജ്യത്തെ ന്യൂസ്‌ ടെലിവിഷന്‍ രീതികളെ പാടേ മാറ്റി മറിച്ചു. മൊത്തം ടെലിവിഷന്‍ പ്രേക്ഷകരില്‍ ഒരു ശതമാനം മാത്രമാണ് ഇംഗ്ലീഷ് ന്യൂസ് ചാനല്‍ പ്രേക്ഷകര്‍ എങ്കിലും മത്സരത്തില്‍ നേടിയ മേധാവിത്തവും വിപണിയില്‍ നേടിയ വിജയവും അര്‍ണാബ് ഗോസ്വാമിയുടെ മാധ്യമപ്രവര്‍ത്തന രീതിയെക്കുറിച്ച് അഭിപ്രായവ്യത്യാസമുള്ളവര്‍ക്കും അംഗീകരിക്കാതെ തരമില്ല. ടൈംസ് നൗ വിട്ട അര്‍ണാബ് പുതിയ സംരംഭം പ്രഖ്യാപിച്ചു. “റിപ്പബ്ലിക്ക്”. അര്‍ണാബ് ഗോസ്വാമിയെക്കുറിച്ചുള്ള മുന്‍ വിമര്‍ശനങ്ങള്‍ എല്ലാം തല്ക്കാലം മാറ്റിവെക്കാം. റിപ്പബ്ലിക്കിന് വേണ്ടിയുള്ള പ്രചരണ പരിപാടിയുടെ പശ്ചാത്തലത്തില്‍ വാര്‍ത്താതല്പരരായ സാധാരണക്കാരന്റെ സാമാന്യബുദ്ധിയില്‍ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്.

റിപ്പബ്ലിക്ക് ജനങ്ങളുടെ മാധ്യമമാണോ ?

പ്രചരണപരിപാടിയുടെ ഭാഗമായി അര്‍ണാബ് ഗോസ്വാമി രാജ്യമെമ്പാടും സഞ്ചരിക്കുകയാണ്. നൂറുകണക്കിന് യുവജനങ്ങളെ പങ്കെടുപ്പിച്ചുള്ള കൂട്ടായ്മകളിലാണ് പുതിയ മാധ്യമത്തെക്കുറിച്ച് വാചാലനാകുന്നതും, രാജ്യത്തെക്കുറിച്ച് വല്ലാതെ ഉത്കണ്ഠപ്പെടുന്നതും, മറ്റു മാധ്യമങ്ങള്‍ക്ക് മേല്‍ ആക്ഷേപം ചൊരിയുന്നതും. അതിതീവ്രവികാരപ്രകടനവും കൈപൊക്കി പ്രതിജ്ഞയെടുപ്പിക്കലും ഏറ്റുപറച്ചിലിനുള്ള ആഹ്വാനവുമൊക്കെയായി ഹൈവോള്‍ട്ടേജ് പ്രകടനമാണ് ഈ വേദികളിലെല്ലാം നടക്കുന്നത്. ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന ഒരു കാര്യം റിപ്പബ്ലിക്ക് ജനങ്ങളുടെ മാധ്യമമാണെന്നാണ്, ജനകീയ പ്രസ്ഥാനമാണെന്നാണ്.

വ്യക്തമായ രാഷ്ട്രീയപക്ഷമുള്ളവരുടെ നേതൃത്വത്തില്‍ മറ്റു വ്യവസായികളും നിക്ഷേപകരും ചേര്‍ന്ന് പണം മുടക്കുന്ന ഒരു മാധ്യമസ്ഥാപനത്തില്‍, അര്‍ണാബ് ഗോസ്വാമിക്ക് കയ്യടിക്കുന്ന ജനം കാഴ്ചക്കാര്‍ എന്നല്ലാതെ ഒരു തരത്തിലും പങ്കാളിയല്ല. പിന്നെ എങ്ങനെയാണ് റിപ്പബ്ലിക്ക് ജനങ്ങളുടെ മാധ്യമമാകുന്നത് ? മാധ്യമസ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കാത്ത ധര്‍മസ്ഥാപനങ്ങളായി എന്തുകൊണ്ട് മാറുന്നില്ല എന്ന ചോദ്യത്തിന് മുന്നില്‍ പാളിപ്പോകുന്ന അര്‍ണാബ് ഗോസ്വാമിയേയും നമുക്ക് കാണാം.

റിപ്പബ്ലിക്ക് സ്വതന്ത്രമാകുമോ?
പത്രത്തിനും ടെലിവിഷനും അപ്പുറം സ്വതന്ത്ര സ്വഭാവം ഡിജിറ്റല്‍ മാധ്യമങ്ങളിലാണ് ഇപ്പോള്‍ കുറേയെങ്കിലും കണ്ടുവരുന്നത്. പുതിയ ചാനലായ റിപ്പബ്ലിക്ക് 21 ാം നൂറ്റാണ്ടിലെ ആദ്യ സ്വതന്ത്രമാധ്യമമായിരിക്കുമെന്നാണ് അവകാശവാദം. ഓഹരിയുടമകളുടെ പലവിധ താല്പര്യങ്ങളില്‍ നിന്നും പരസ്യദാതാക്കളുടെ സ്വാധീനത്തില്‍ നിന്നും പൂര്‍ണമായി മാറി തികച്ചും ഒരു സ്വതന്ത്രമാധ്യമമായി ഒരു ടെലിവിഷന്‍ ചാനലിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം നമ്മുടെ രാജ്യത്ത് ഇപ്പോഴില്ല. കുറച്ചുനാള്‍ മുന്‍പ് വരെ ഡിജിറ്റല്‍ മാധ്യമങ്ങളേയും അതിന്റെ സാധ്യതകളേയും വാദിച്ച് തോല്‍പിക്കാന്‍ ശ്രമിച്ച അര്‍ണാബ് ഗോസ്വാമി പെട്ടെന്ന് സ്വതന്ത്ര ഡിജിറ്റല്‍ മാധ്യമത്തിന്റെ കൂടി വക്താവ് ആയി അവതരിക്കുന്നത് കൗതുകകരമാണ്. 2015 ല്‍ പ്രമുഖ മാധ്യമസംരംഭകനായ രാഘവ് ബഹലുമായുള്ള ഒരു സംവാദത്തിന്റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു.

അന്ന് ടെലിവിഷന് വേണ്ടി ശക്തമായി വാദിക്കുക മാത്രമല്ല, ഡിജിറ്റല്‍ ആണ് ഭാവി എന്ന് പറഞ്ഞ രാഘവ് ബഹലിനെ പതിവു രീതിയില്‍ ഉത്തരം മുട്ടിക്കുകയും ചെയ്തിരുന്നു അര്‍ണാബ് ഗോസ്വാമി. പക്ഷെ ഇപ്പോള്‍ ഡിജിറ്റല്‍ മാധ്യമത്തിന്റെ ശക്തി സമ്മതിക്കുന്ന അര്‍ണാബ് തന്റെ വാദങ്ങളുടെ പൊള്ളത്തരവും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് വെളിവാക്കുന്നത്.

ഞാന്‍ ഉണ്ടായിരുന്നെങ്കില്‍…

ഇക്കഴിഞ്ഞ രണ്ടു മാസം നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് എന്ത് പറ്റി? അവര്‍ ഉറങ്ങുകയായിരുന്നോ ? ചോദ്യം ആര്‍പ്പുവിളിക്കുന്ന യുവജനക്കൂട്ടത്തോടാണ്. ബംഗളുരൂവില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ മൗനം പാലിച്ചു, അഴിമതിക്കാരനായ സുരേഷ് കല്‍മാഡി വീണ്ടും ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹിയായി വന്നപ്പോള്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു… ഇങ്ങനെ പോകുന്നു ആക്ഷേപങ്ങള്‍. ഇതു കേട്ടാല്‍ തോന്നുക ഒരു മാധ്യമവും ഈ വാര്‍ത്ത ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ്‌.

ന്യൂസ് അവറില്‍ അര്‍ണാബ് ഗോസ്വാമിയുണ്ടായിരുന്നുവെങ്കില്‍ സുരേഷ് കല്‍മാഡിയെ തൂക്കിലേറ്റുകയും സ്ത്രീകളെ അപമാനിച്ചവരുടെ ലിംഗഛേദം നടത്തുകയും ചെയ്യുമായിരുന്നോ? ഇത്തരം വിധിക്കല്‍ ജേര്‍ണലിസമാണോ ഉത്തമ മാതൃക? ജെ എന്‍ യു പ്രശ്‌നത്തില്‍ ഉണ്ടായ തിരിച്ചടിയില്‍ നിന്നും പാഠം പഠിക്കാത്ത അര്‍ണാബ് ഏകപക്ഷീയമായ മുന്‍വിധികളുടെ തടവറയിലാണ് ഇപ്പോഴും.അര്‍ണാബ് ഗോസ്വാമി
അര്‍ണാബ് ഗോസ്വാമി

അഭിപ്രായം പറഞ്ഞോളൂ പക്ഷേ വസ്തുതകളെ കൊല്ലരുത്…

ഞങ്ങളാണ് ഈ രാജ്യത്തെ പ്രധാന അഴിമതികളെല്ലാം പുറത്തുകൊണ്ടുവന്നത്. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരെല്ലാം(ടൈംസ് നൗ ആസ്ഥാനം മുംബൈ ആണ്) അഴിമതിയുടെ കാര്യത്തില്‍ രാഷ്ട്രീയക്കാരുമായി കൂട്ടുകച്ചവടത്തിലാണ്. ഈ അഴുകിയ അവസ്ഥയില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തെ രക്ഷിച്ചേ പറ്റൂ. ഞങ്ങള്‍ക്ക് മുന്‍പ് സ്വതന്ത്ര ഇന്‍ഡ്യയില്‍ ഒരു അഴിമതിക്കേസ് പുറത്തുകൊണ്ടുവന്നത് ബൊഫോഴ്‌സ് കേസ് റിപ്പോര്‍ട്ട് ചെയ്ത ചിത്രാ സുബ്രഹ്മണ്യം മാത്രമാണ് !!! അത് ഡല്‍ഹിക്ക്‌ പുറത്ത് നിന്നായിരുന്നു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തനത്തെ നശിപ്പിക്കുകയാണ്…

ഇത് കേട്ട് അന്തം വിട്ടിരിക്കുന്ന യുവജനക്കൂട്ടായ്മ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്‌. പക്ഷെ അവര്‍ അറിയുന്നില്ല ഈ രാജ്യത്ത്,ഒരു ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ പണം കൈക്കൂലിയായി വാങ്ങുന്നതിന്റെ ദൃശ്യം മാധ്യമപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ടെന്നും ആ നേതാവിനെ പാര്‍ട്ടി തല്‍സ്ഥാനത്ത് നിന്ന് നീക്കിയെന്നും.
അതിര്‍ത്തിയില്‍ മരിച്ചുവീണ ജവാന് ശവപ്പെട്ടി വാങ്ങിയതില്‍ നിന്ന് പോലും പണം കയ്യിട്ട് വാരിയതിന്റെ കഥ പുറത്തുകൊണ്ടുവന്നത് തീവ്രദേശീയവാദികളായിരുന്നില്ല, അഴിമതിയുമായും രാഷ്ട്രീയക്കാരുമായും സന്ധി ചെയ്യാത്ത(മലയാളി) മാധ്യമപ്രവര്‍ത്തകനായിരുന്നു. ടു ജി സ്‌പെക്രടം അഴിമതിയെ വിടാതെ പിന്തുടര്‍ന്ന് വിവരങ്ങള്‍ സമഗ്രമായി പുറത്തുകൊണ്ടുവന്നതും ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച(മലയാളി) മാധ്യമപ്രവര്‍ത്തകനാണ്. ഇതൊന്നും അര്‍ണാബ് ഗോസ്വാമിക്ക് വേണ്ടി കയ്യടിക്കുന്ന പുതുതലമുറ അറിയുന്നില്ല.
അത്തരത്തില്‍ എത്രയോ പ്രശംസനീയമായ അഴിമതി വിരുദ്ധ മാധ്യമപ്രവര്‍ത്തന മാതൃകകള്‍. തീര്‍ച്ചയായും അംഗീകരിക്കാന്‍ കഴിയാത്തതും തിരുത്തേണ്ടതുമായ കാര്യങ്ങള്‍ മാധ്യമമേഖലയില്‍ ഉണ്ട്. സംശയമില്ല. എന്നാല്‍ അഴിമതിക്കഥകളെക്കുറിച്ചും അത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതിനെക്കുറിച്ചും കേട്ടിട്ടില്ലാത്ത തലമുറയുടെ അജ്ഞത മുതലാക്കിയാണ്‌ അര്‍ണാബ് മിടുക്കിന്റെ ചീട്ടുകൊട്ടാരം പണിയുന്നത്‌. 25 വയസിന് താഴെയുള്ളവരെ മാത്രം തിരഞ്ഞെടുത്ത് അവരോട് സംസാരിക്കുന്നതിലെ വിപണന വൈദഗ്ധ്യം സമ്മതിച്ച് കൊടുത്തേ പറ്റൂ.അര്‍ണാബ് ഗോസ്വാമി
അര്‍ണാബ് ഗോസ്വാമി

നിങ്ങള്‍ പറയുന്നത് സത്യമല്ല അര്‍ണാബ്…

യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ ടൈംസ് നൗ മികവ് കാട്ടിയിട്ടുണ്ട് . പക്ഷെ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ് ടെലിവിഷന്‍ എഡിറ്റര്‍മാരോട് സംസാരിച്ചപ്പോള്‍ അഴിമതിക്കാര്യം ഞാനൊഴികെ ആരും മിണ്ടിയില്ല എന്ന് അര്‍ണാബ് ഗോസ്വാമി പറയുന്നത് തികച്ചും വാസ്തവ വിരുദ്ധമാണ്.

ഒന്നു മുതല്‍ പതിനൊന്ന് എഡിറ്റര്‍മാരും പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങളിലും വാണിജ്യകാര്യങ്ങളിലും ഉപദേശം നല്‍കുകയായിരുന്നു എന്നാണ് അര്‍ണാബിന്റെ ആക്ഷേപം. പന്ത്രണ്ടാമനായിരുന്ന താന്‍ മാത്രമാണ് അഴിമതിക്കാര്യം ചോദിച്ചതത്രേ. നിങ്ങള്‍ ടേപ്പ് പരിശോധിച്ച് നോക്കൂ എന്നും പറയുന്നുണ്ട് അര്‍ണാബ് ഗോസ്വാമി. ദൂരദര്‍ശന്‍ അന്ന് സംപ്രേഷണം ചെയ്ത കൂടിക്കാ്‌ഴ്ചയുടെ ക്ലിപ്പിങ് യൂട്യൂബില്‍ ലഭ്യമാണ്.

ആദ്യം സംസാരിച്ചത് ഇന്‍ഡ്യാ ടുഡെ എഡിറ്റര്‍ അരുണ്‍ പുരിയാണ്. അത് അഴിമതിയെക്കുറിച്ച് തന്നെ. അന്ന് സി എന്‍ എന്‍ ഐ ബി എന്നിലായിരുന്ന രാജ്ദീപ് സര്‍ദേശായി ചോദിച്ച ചോദ്യം, ഇത്രയും ആരോപണങ്ങള്‍ വന്നപ്പോള്‍ പ്രധാനമന്ത്രി രാജിവെക്കുന്നതിനെക്കുറിച്ച് ആലോചിച്ചില്ലേ എന്നാണ്. എല്ലാവരുടേയും ഊഴം കഴിഞ്ഞപ്പോള്‍ വീണ്ടും ഇടപെട്ട് അഴിമതി പ്രശ്‌നം ഉന്നയിച്ച് ചോദ്യം ആവര്‍ത്തിച്ച് ചോദിച്ചതും രാജ്ദീപ് സര്‍ദേശായി ആയിരുന്നു. വസ്തുത ഇതായിരിക്കെ മറ്റുള്ളവരെല്ലാം മോശക്കാര്‍, ഞാന്‍ ഞാന്‍ ഞാന്‍ മാത്രം ശരി എന്ന വീരവാദം നിങ്ങളുടെ വിശ്വാസ്യതയില്ലാതാക്കുന്നതാണ്.

അര്‍ണാബ് ഗോസ്വാമിയും രാജ്ദീപ് സര്‍ദേശായിയും ന്യൂസ് റൂമില്‍(ഫയല്‍ ചിത്രം) 
അര്‍ണാബ് ഗോസ്വാമിയും രാജ്ദീപ് സര്‍ദേശായിയും ന്യൂസ് റൂമില്‍(ഫയല്‍ ചിത്രം) 

ചായം പോയ അര്‍ണാബ് ഗോസ്വാമി

മാധ്യമങ്ങള്‍ക്കുണ്ടാകുന്ന വീഴ്ചകളെ പര്‍വതീകരിക്കാനും വിശ്വാസ്യതയില്ലാത്ത കൂട്ടരാണെന്ന് സ്ഥാപിച്ചെടുക്കാനും വലിയ ശ്രമം നമ്മുടെ നാട്ടില്‍ വ്യാപകമായി നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളുടെ സാധ്യത ഉപയോഗിക്കുകയും അതിലൂടെ അവരവരുടെ താല്പര്യങ്ങളും രാഷ്ട്രീയവും വിദഗ്ധമായി പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ് മറ്റു മാധ്യമങ്ങള്‍ക്കെതിരായുള്ള ഈ ശ്രമത്തിന് പിന്നില്‍. അവരുടെ കൂട്ടത്തില്‍ ചേരുന്ന ഒറ്റുകാരന്റെ കുടിലത അര്‍ണാബ് ഗോസ്വാമിയുടെ വാക്കിലും നോക്കിലും പ്രകടമായുണ്ട്‌. രാഷ്ട്രീയക്കാരോടുള്ള അവജ്ഞയാണ്‌ അര്‍ണാബ് ഗോസ്വാമി പ്രചരിപ്പിക്കുന്നത്. നമ്മുടെ ജനാധിപത്യസംവിധാനത്തില്‍ രാഷ്ട്രീയക്കാരേയും രാഷ്ട്രീയനേതാക്കളെയും ഒഴിവാക്കി നിറുത്താനാവില്ല. രാഷ്ട്രീയക്കാര്‍ക്ക് കുറവുകള്‍ ഏറെയുണ്ട്. അവിടെ കടുത്ത വിമര്‍ശനങ്ങളിലൂടെയും തുറന്ന് കാട്ടലുകളിലൂടെയും തിരുത്തല്‍ ശക്തിയാകേണ്ടതിന് പകരം നശീകരണമാകരുത് മാധ്യമങ്ങളുടെ ലക്ഷ്യം. അത് കൂടുതല്‍ അപകടകരമായ അരാഷ്ട്രീയവും സമൂഹവിരുദ്ധവുമായ ആശയങ്ങള്‍ക്ക് വളമിടും. രാഷ്ട്രീയക്കാരെന്ന് കേട്ടാല്‍ ഉറഞ്ഞു തുള്ളുന്ന അര്‍ണാബ് ഗോസ്വാമിയെ സൂക്ഷിച്ച് നോക്കിയാല്‍ നമ്മുടെ നാട്ടിലെ ലക്ഷണമൊത്ത ഒരു തനി രാഷ്ട്രീയക്കാരനെ കാണാം.വിവരങ്ങളേയും വസ്തുതകളെയും ചരിത്രത്തേയും പോലും തന്‍ താല്പര്യത്തിനനുസരിച്ച് മാത്രം അവതരിപ്പിക്കുകയും, മുന്‍പ് പറഞ്ഞതില്‍ നിന്ന് സൗകര്യപൂര്‍വം മലക്കം മറിയുകയും, ഞാന്‍ ചെയ്യുന്നത് മാത്രം ശരിയെന്ന് വാദിക്കുകയും, എല്ലാം ജനങ്ങള്‍ക്ക് വേണ്ടി എന്ന് പറഞ്ഞ് കയ്യടി വാങ്ങുകയും ചെയ്യുന്ന അര്‍ണാബ് ഗോസ്വാമിയും നമുക്ക് മാതൃകയാക്കാന്‍ കഴിയാത്ത രാഷ്ട്രീയക്കാരനും തമ്മില്‍ എവിടെയാണ് വ്യത്യാസം ?

വ്യത്യാസം ഒന്ന് മാത്രം. അര്‍ണാബ് ഗോസ്വാമി രാജ്യത്തിന് അറിയാനെന്ന പേരില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു രാഷ്ട്രീയക്കാര്‍ ഉത്തരം പറയുന്നു. നാണയത്തിന്റെ ഒരു വശത്ത്‌ ഒട്ടിച്ചേര്‍ന്നിരിക്കേണ്ടവര്‍ രണ്ട് വശത്താണെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു.

ന്യൂസ് 18 എഡിറ്റര്‍ രാജീവ് ദേവരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s