കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോട് ചില ചോദ്യങ്ങള്‍

മൃദുല ഭവാനി

അവര്‍ കലഹിക്കുന്നുണ്ടോ?!
കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോട് ചില ചോദ്യങ്ങള്‍ 

സ്വന്തം ജീവിതത്തില്‍ നിന്ന് നിരോധിക്കപ്പെടുക എന്നാല്‍ എന്താണ്? ചിലര്‍ക്ക് ജീവിക്കല്‍ എന്നാല്‍ തുറന്നുപറച്ചിലുകള്‍ കൊണ്ടും നിഷേധം കൊണ്ടും മാത്രം സാധ്യമാകുന്നതാകുമ്പോള്‍? കൊലപാതകം, ആത്മഹത്യ, ഭരണകൂട കൊലപാതകങ്ങള്‍, ജാതീയ ബലാല്‍സംഗങ്ങള്‍, നിര്‍ബന്ധിത കാണാതാകലുകള്‍. വീടിന്റെ ഇടുങ്ങിയ മുറികളില്‍ നിന്നോ അടുക്കളയില്‍ നിന്നോ ഒരു സ്ത്രീക്ക് പുറംലോകം കാണാന്‍ കഴിയാതാകുന്നതുപോലെ, മുസ്ലിം പേരുള്ളകാരണത്താല്‍ പെട്ടെന്നൊരു ദിവസം ‘കാണാതാകു’ന്നതുപോലെ, ഒരു പ്രത്യയശാസ്ത്രം പിന്തുടരുന്നതുകൊണ്ട് മാത്രം അറസ്റ്റ് ചെയ്യപ്പെടുകയോ വെടിയേറ്റ് കൊല്ലപ്പെടുകയോ ചെയ്യുന്നതുപോലെ. സ്വയം ആവിഷ്‌കരിക്കുന്നതില്‍ നിന്ന് നിരോധിക്കപ്പെടുക. അവിടെ, ബാക്കിയുള്ള ലോകത്തെ ജീവിതം പഠിപ്പിക്കുന്ന ഒരാള്‍ക്ക് ജീവിതത്തിനും മരണത്തിനുമിടയില്‍ ബാക്കി സാധ്യതകള്‍ ഇല്ലാതാക്കുകയാണ്. ഭരണകൂടത്തോട് എതിരഭിപ്രായമുള്ള വ്യക്തിയാണത്രെ രാജ്യത്തിന് ഏറ്റവും അപകടം.

അവരുടെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ കഴിവുള്ള എന്തിനെയും അവര്‍ക്ക് പേടിയാണ്. വ്യത്യസ്തമായ കഥകള്‍ കേള്‍ക്കുമ്പോഴുള്ള പേടി. പുതിയ സാഹിത്യലോകം ഉണ്ടാകുന്നതിലുള്ള പേടി. ദളിത്, മുസ്ലിം, സ്ത്രീ, ആദിവാസി, ട്രാന്‍സ്ജെന്‍ഡര്‍ അപരസ്വത്വങ്ങളോടുള്ള പേടി. കൂടുതല്‍ മാനവികമായ, ജീവിതാസക്തമായ രാഷ്ട്രീയത്തോടുള്ള പേടി. പ്രബലത (Privilege) എന്നതിന്റെ ഒരൊറ്റ ആകര്‍ഷണം അത് ഉള്‍ക്കൊള്ളുന്ന, എളുപ്പമുള്ള പൂപ്പാതയാണെന്ന് തോന്നിയേക്കാം, എന്നാല്‍ എല്ലാവര്‍്ക്കും അതില്‍ നടക്കാന്‍ പറ്റില്ലെന്നതുകൊണ്ട് അങ്ങനെയൊരു പൂപ്പാത അവിടെ വേണ്ട!

രോഹിത് വെമുലയുടെ ജാതീയ കൊലപാതകത്തിന് ശേഷം ഇന്ത്യന്‍ ക്യാംപസുകളില്‍ രാഷ്ട്രീയത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടായി. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ 1993ല്‍ സ്ഥാപിക്കപ്പെട്ട അംബേദ്കര്‍ സ്റ്റുഡന്റസ് യൂണിയനിലെ സജീവ അംഗമായിരുന്നു രോഹിത് വെമുല. ക്യാമ്പസില്‍ അംബേദ്കര്‍ രാഷ്ട്രീയത്തിന്റെ ഉറച്ച വക്താവാണ് എഎസ്എ. രാജ്യത്തുടനീളമുള്ള സ്വാഭിമാനസമരങ്ങള്‍ക്ക് രോഹിത് വെമുല ഊര്‍ജ്ജമായി. ഞാന്‍ ആര്‍ക്കും താഴെയല്ലെന്നും എന്റെ കൂടെ അംബേദ്കര്‍ ഉണ്ടെന്നും രോഹിത് പറഞ്ഞു. ഇന്ത്യയില്‍ അതിക്രമങ്ങള്‍ സഹിച്ചുജീവിക്കുന്ന എല്ലാവരോടും സഹിച്ചുജീവിക്കുന്നത് നിര്‍ത്താന്‍ പറയുകയും ഞങ്ങളനുഭവിക്കുന്ന അതിക്രമങ്ങള്‍ക്ക് നിങ്ങളുടെ സഹനം ആക്കം കൂട്ടുന്നു എന്ന് രോഹിത് പറഞ്ഞത് കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. ഇരപ്പെടലിനെ തള്ളിപ്പറയുന്ന, നിഷേധത്തിന്റെയും സ്വയം നിര്‍ണയാവകാശത്തിന്റെയും പുതിയ രാഷ്ട്രീയ ഭാവി കൂടിയാണ് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്. കൊലപാതകിയായ വിസി അപ്പാറാവു പ്രധാനമന്ത്രിയുടെ കയ്യില്‍ നിന്നും Millenium Plaque of Honour സ്വീകരിച്ച അതെ കാലയളവിലാണ് ജെഎന്‍യുവില്‍ ബഹുജന്‍, ആദിവാസി, ദളിത് വിഭാഗങ്ങളില്‍ പെട്ട 9 വിദ്യാര്‍ത്ഥികള്‍ സസ്പെന്‍ഡ് ചെയ്യപ്പെടുന്നത്.

ഇതിനെക്കുറിച്ച് ഫെമിനിസ്റ്റ് വി ഗീത ‘Towards a Pedagogy and Culture of Social Respect’ എന്ന ലേഖനത്തില്‍ എഴുതുന്നു: ‘അതിനിടെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ബഹുജന്‍, ആദിവാസി, ദളിത് വിഭാഗങ്ങളില്‍ പെട്ട 9 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. എംഫില്‍, പിഎച്ച്ഡി കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ സംബന്ധിച്ച പ്രോട്ടോക്കോളുകളും നിയമങ്ങളും ചോദ്യം ചെയ്തതിനാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ഒരു അക്കാദമിക് കൗണ്‍സില്‍ മീറ്റിങ് തടസപ്പെടുത്തി എന്നുകാണിച്ചായിരുന്നു നടപടി. ജനാധിപത്യ വിരുദ്ധമായ, സത്യസന്ധതയില്ലാത്ത ഒരു പൊതു, ബൗദ്ധിക ജീവിതത്തിന്റെ നേര്‍ ചിത്രം തന്നെയാണ് ഇത്.’സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളായ രാഹുല്‍ സോണ്‍പിംപ്ലെ രോഹിത് വെമുല ഷഹാദത് ദിവസം ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ പറഞ്ഞു: ‘ജെ എന്‍ യു ഗാന്ധിയുടെ റിപ്പബ്ലിക് ആണ്.’ ക്യാമ്പസിന്റെ അകത്തുതന്നെയുള്ള, ജാതിയടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനം ചൂണ്ടിക്കാട്ടിയാണ് ഇത്. ജെഎന്‍യു അല്ല ജേന്യൂ (പൂണൂല്‍) ആണ്’ ജെഎന്‍യുവിന്റെ വിപ്ലവ ഗര്‍ഭപാത്ര ഇമേജ് തകര്‍ക്കുകയാണ് രാഹുല്‍ ചെയ്തത്. ഇന്ത്യന്‍ ഇടതുപക്ഷത്തിന് ഒരു വിപ്ലവവാഗ്ദാനമായി കനയ്യയെ വളര്‍ത്തിക്കൊണ്ടുവന്നതും ഇതേ ക്യാംപസ് തന്നെയാണ്.

കേരളത്തിലെ രണ്ടാമത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലാണ് ഫെബ്രുവരി 3 മുതല്‍ കോഴിക്കോട് കടപ്പുറത്ത നടക്കാന്‍ പോകുന്നത്. സാംസ്‌കാരിക വകുപ്പും ഡിസി കിഴക്കേമുറി ഫൗണ്ടേഷനും മറ്റു സംഘടനകളുമാണ് സാഹിത്യോത്സവത്തിന്റെ പ്രധാനസംഘാടകര്‍. കലഹിക്കുന്ന കലാലയങ്ങള്‍ എന്ന സെഷനില്‍ ഇന്ത്യയിലെ കലഹിക്കുന്ന കലാലയങ്ങള്‍ പ്രതിനിധീകരിച്ച് സംസാരിക്കുന്നത് ജെഎന്‍യു വില്‍ നിന്നും രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ അരുന്ധതി ബിയുമാണ്. രോഹിത് വെമുല സമരം അടിസ്ഥാനമാക്കി ‘കലാലയങ്ങള്‍ കലഹിക്കുമ്പോള്‍’ എന്ന ലേഖനസമാഹാരം എഡിറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ കനയ്യ കുമാറും ലേഖനമെഴുതിയിട്ടുണ്ട്. കനയ്യ കുമാറിന്റെ ‘ബീഹാര്‍ റ്റു തീഹാര്‍: മൈ പൊളിറ്റിക്കല്‍ ജേണി’ എന്ന

പുസ്തകം പുറത്തിറങ്ങിയിട്ടും വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ടാറ്റ സംഘടിപ്പിച്ച കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ കനയ്യ കുമാറിന്റെ സെഷന്‍ ബസ്തര്‍ സോളിഡാരിറ്റി നെറ്റ്വര്‍ക്ക് ഗ്രൂപ്പിലെ വിദ്യാര്‍ഥികള്‍ തടസപ്പെടുത്തിയിരുന്നു. കശ്മീര്‍ അനുകൂല മുദ്രാവാക്യം വിളിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. ഫെബ്രുവരി 9 സംഭവത്തിന് ശേഷം കശ്മീരിന്റെ സ്വയം നിര്ണയാവകാശത്തില്‍ രാജ്യത്തിനകത്തെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് താന്‍ പറയുന്നത് അല്ലാതെ രാജ്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തെ കുറിച്ചല്ല എന്ന് കനയ്യ നിലപാട് വ്യക്തമാക്കിയത് ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ് എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

കനയ്യ കുമാര്‍ 
കനയ്യ കുമാര്‍ 

‘ഉയര്‍ന്ന ജാതിക്കാരായ ലിബറലുകള്‍ ഒരുക്കുന്ന പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുകയാണ് കനയ്യയെ പോലുള്ളവര്‍ ചെയ്യുന്നത്. സ്വയം ആഘോഷിക്കുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. എന്‍ഡിടിവിയിലെ രവീഷ് കുമാറിനെ പോലെ, കാലങ്ങളായി കയ്യാളുന്ന ആധിപത്യം തുടരാന്‍

ആഗ്രഹിക്കുന്നവരാണ് ഇവര്‍. ചാനലിന് സമ്മര്‍ദമുണ്ടാകുമ്പോള്‍ അദ്ദേഹം ജാതിവിഷയം ചര്‍ച്ച ചെയ്യും, എന്നാല്‍ എന്‍ഡിടിവിയിലെ ദളിത് മാധ്യമപ്രവര്‍ത്തകരുടെ കണക്ക് ചോദിച്ചാല്‍ രവീഷിന് ഉത്തരമുണ്ടാകുകയില്ല. ഇത്തരക്കാര്‍ അഖണ്ഢ ഭാരതത്തെക്കുറിച്ചാണ് പറയുന്നത്. കശ്മീര്‍, ഹൈദരാബാദ്, തമിഴ്നാട് വിഷയങ്ങളില്‍ ഇവര്‍ക്ക് ഒന്നും പറയാനുണ്ടാകുകയില്ല. വരേണ്യ വര്‍ഗത്തിനുനേരെ ആക്രമണമുണ്ടാകുമ്പോള്‍ ഭരണകൂടം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. മുഴുവന്‍ സമൂഹവും അവര്‍ക്കൊപ്പം നില്‍ക്കും. ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവ്വരുടെ കാഴ്ചയിലെ ഇല്ലതാനും. ഇവരാണ് പുതിയ റാഡിക്കലുകള്‍. വേറിട്ട് നില്‍ക്കാനാണ് ഇവര്‍ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് അവരെ വിശ്വാസമില്ല. ഉമര്‍ എനിക്ക് തുറന്ന കത്തെഴുതി, പക്ഷെ കനയ്യയ്ക്ക് എഴുതിയിട്ടില്ല. ഉയര്‍ന്നജാതിക്കാര്‍ തമ്മിലുള്ള അന്തര്‍ധാര സാഹിത്യ, അക്കാദമിക ലോകങ്ങളില്‍ വളരെ ശക്തമാണ്. തൊട്ടുകൂടായ്മയെ എതിര്‍ത്തുകൊണ്ട് അംബേദ്കറെ ഗാന്ധി തള്ളിപ്പറഞ്ഞതുപോലെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ചരിത്രം ഇങ്ങനെയാണ് ആവര്‍ത്തിക്കുന്നത് ‘ രാഹുല്‍ പറയുന്നു.

‘സമകാലിക ഇന്ത്യന്‍ സാഹിത്യം ഒരുപാട് അപരശബ്ദങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്, ദളിതുകളുടെ, മുസ്ലീങ്ങളുടെ, ഭിന്നലിംഗക്കാരുടെ, ആദിവാസികളുടെയൊക്കെ. ഇവരുടെ സാഹിത്യം മുഖ്യധാരാ സാഹിത്യത്തെ തിരിച്ചെഴുതുകയാണ് ചെയ്യുന്നത്. പുതിയ രാഷ്ട്രീയ ഇടപെടലുകള്‍ക്കാണ് ഇവ വഴിയൊരുക്കുന്നത്. ഇത്തരമൊരു സാഹിത്യോത്സവം നടത്തുക എന്നതുതന്നെ ഇടതുപക്ഷത്തിന്റെ ഗതികേടായാണ് ഞാന്‍ കാണുന്നത് . അച്ചടിമാധ്യമങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവര്‍ എഴുതുന്ന ഒരു ലോകം ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അതൊക്കെ ഇതിന്റെ സംഘടകര്‍ വായിക്കുന്നുണ്ടോ എന്നുപോലും സംശയമാണ്. അരുന്ധതിയെയും കനയ്യ കുമാറിനെയും ക്ഷണിച്ചു എന്നതുതന്നെ കോമഡി ആണ്. എന്തുതരം രാഷ്ട്രീയ ഇടപെടലുകളാണ് അരുന്ധതിയും കനയ്യയും നടത്തുന്നത്? അവര്‍

എണ്‍പതുകളുടെ ബാക്കിയാണ്. ഈ സാഹിത്യോത്സവം തന്നെ എന്നെ സംബന്ധിച്ച് വന്‍ തമാശയാണ്. നിലവിലുള്ള ഇന്ത്യന്‍ സാഹിത്യം തന്നെ സവര്‍ണമാണ്. ഇടതുപക്ഷം തന്നെ തമാശയാണ്’ സംവിധായകനും നോവലിസ്റ്റുമായ രൂപേഷ് കുമാര്‍ പറയുന്നു. രൂപേഷിന്റെ നോവല്‍ സിനിമാസ്‌കോപ്പ് ഉടന്‍ പുറത്തിറങ്ങും.

രോഹിത് വെമുല സമരത്തിന്റെ മുന്നണിയില്‍ ഇല്ലാത്ത ഒരാളാണ് അരുന്ധതി ബി. സമരകാലത്ത് പോലീസ് അതിക്രമങ്ങള്‍ക്കും അറസ്റ്റിനും ഇരയായ വിദ്യാര്‍ഥികള്‍ ഉണ്ടാകുമ്പോള്‍ തന്നെ കേരളത്തിലെ ടിവി ചാനലുകള്‍ക്ക് വിവരങ്ങള്‍ നല്‍കിയിരുന്നത് അരുന്ധതിയാണ്! ക്യാംപസില്‍ നിന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളോ സമരത്തില്‍ മുഴുനേരം പങ്കെടുത്തുവരുന്ന വിദ്യാര്ഥികളോ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടില്ല എന്നതുതന്നെ സാഹിത്യോത്സവം വരേണ്യമായ ഒരിടപാടാണെന്നു വ്യക്തമാക്കുന്നു. ജാതി അതിന്റെ നിറം കാണിക്കുന്നത് ഇങ്ങനെയാണ്. താര പരിവേഷമുള്ളതുകൊണ്ടാണ് ഒരു പുസ്തകം എഡിറ്റ് ചെയ്തു എന്ന കാരണത്താല്‍ അരുന്ധതി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എത്തുന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ പ്രമീള കെപിയും രോഹിത് വെമുലയെക്കുറിച്ചു ലേഖനസമാഹാരം പുറത്തിറക്കിയിട്ടുണ്ട് (രോഹിത് വെമുല: ജാതിയില്ലാത്ത മരണത്തിലേക്ക്), പിന്നെ എന്തുകൊണ്ട് പ്രമീള ക്ഷണിക്കപ്പെട്ടില്ല?!

ഹൈദരാബാദ് സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയും എഎസ്എ നേതാവുമായ താഹിര്‍ ജമാല്‍ എഴുതുന്നു. ”കാമ്പസുകളിലെ അധികാരത്തിനു പരിക്കേല്പിക്കുക എന്നത് തന്നെയാണ് കാമ്പസുകളെ കൂടുതല്‍ വിശാലമാക്കാനും ജനാധിപത്യവല്‍ക്കരിക്കാനുമുള്ള വഴി. ഒരു ദളിത്-മുസ്ലിം വിദ്യാര്‍ത്ഥിയുടെ ശാരീരിക സാന്നിധ്യം പോലും നോര്‍മാട്ടിവ് സവര്‍ണ്ണ മേല്‍ക്കോയ്മയ്ക്ക് നേരെയുള്ള ശക്തമായപ്രതികരണമാണ്. സവര്‍ണ സാധാരണത്വങ്ങളെ അസാധാരണത്വം (അല്ലെങ്കില്‍ അപരത്വം) കൊണ്ട് പൊളിക്കുന്നു എന്നത് കൊണ്ടാണ് ഇഫ്ളുവിലെ പോലീസധികാരത്തില്‍ കൊല്ലപ്പെട്ട മുദ്ദസിര്‍ കമ്രാന്‍ എന്ന കാശ്മീരി മുസ്ലിം വിദ്യാര്‍ത്ഥിയുടെ ശരീരംപോലും അപകടകാരിയായത്.ശരീരം കേവലം ഫിസിക്കല്‍ ആയിട്ടുള്ള ഒന്ന് മാത്രമല്ല എന്നും അതിന് സാംസ്‌കാരിക മൂല്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ശേഷിയുണ്ട് എന്നതും നിസ്തര്‍ക്കമാണ്. വ്യത്യസ്ത രൂപങ്ങളില്‍ അധികാരം പ്രകടമാക്കുന്ന ഇടം കൂടിയാണ് ശരീരം.’ ( ചുംബന സമര കാലത്തെ അരുന്ധതിയുടെ ഇടപെടലുകളെ വിമര്‍ശനാത്മകമായി സമീപിച്ച് എഴുതിയ ശരീരങ്ങളും കീഴാള ഇടപെടലുകളും: പുതിയ ചെറുപ്പത്തിന്റെ വര്‍ത്തമാനങ്ങള്‍ എന്ന ലേഖനത്തില്‍) സവര്‍ണ ശരീരങ്ങളുടെ സാന്നിധ്യം പോലും കീഴാള ശരീരങ്ങളെ സ്വാംശീകരിക്കുന്നതിന്റെയും സ്വന്തം സവര്‍ണത സമ്മതിക്കാതിരിക്കുന്നതിലെ അപകടത്തെകുറിച്ചുമാണ് താഹിര്‍ എഴുതുന്നത്, അതും കീഴാള ശരീരങ്ങളുടെ സാന്നിധ്യം പോലും സംശയത്തോടെ നോക്കിക്കാണുന്ന, ഏതുനിമിഷവും ഭരണകൂടം അപകടപ്പെടുത്തിയേക്കാവുന്ന ക്യാംപസ് അന്തരീക്ഷം നിലനില്‍ക്കെ അരുന്ധതിയെപ്പോലുള്ള വിദ്യാര്‍ത്ഥികളെ ആഘോഷിക്കുന്നത് തീര്‍ത്തും വിവേചനപരമാണ്.

രണ്ടുപേര്‍ ഒരു സ്റ്റേജിലിരുന്ന് സംസാരിക്കുകയും മറ്റുള്ളവര്‍ കേട്ടിരിക്കുകയും, കേട്ടിരിക്കുന്നവര്‍ക്ക് സംസാരിക്കാന്‍ ഇടം വളരെ കുറവാണ് എന്നതും, പല സാഹിത്യോത്സവങ്ങളും (ജയ്പൂര്‍, ഹൈദരാബാദ്, ബോംബെ തുടങ്ങിയവ) നടക്കുന്നത് പ്രധാന നഗരങ്ങളില്‍, രാജകീയമായ വേദികളിലാണ് എന്നതും സാഹിത്യോത്സവം എന്ന വരേണ്യ ഇടപെടലിനെ സാധാരണത്വത്തില്‍ നിന്നും അകറ്റുന്നു എന്ന് കാണാം.

ആരുടെ ഫാസിസം?

രോഹിതിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച ജാതിയെ കാണാതെ രോഹിതിനെ ‘ഫാസിസത്തിന്റെ ഇര’ എന്ന് വിളിക്കുന്നത് മറ്റൊരപകടമാണ്. വലതുപക്ഷ ഭരണകാലത്ത് ദളിതുകള്‍ക്കെതിരായ ആക്രമണങ്ങള്‍ തീവ്രമായി എന്ന് പ്രകാശ് കാരാട്ട് പറയുമ്പോഴും, യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കെതിരെ സംസാരിച്ച രോഹിത് വെമുലയുടെ ചിത്രം പതിച്ച ബാനറില്‍, മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ സംസ്ഥാന കോണ്‍ഫറന്‍സ് നടത്തുന്നതും മറ്റൊരു ഫാസിസം! ഫാസിസം എന്ന വാക്കിന്റെ വിശാല പരിധിയില്‍ അല്ല രോഹിത് വെമുലയുടെ ആത്മഹത്യയെ/കൊലപാതകത്തെ കൊണ്ടുനിര്‍ത്തേണ്ടത്, ജാതീയതയുടെ സൂക്ഷമതയില്‍ തന്നെയാണ്, ജാതീയമായ പീഡനങ്ങള്‍ മുത്തശ്ശിക്കഥകള്‍ അല്ലാത്തതുകൊണ്ട്.

ഇന്ത്യന്‍ സവര്‍ണ ഫാസിസത്തിന്റെ അടിത്തറ ജാതിയാണ്. ഇടതുപക്ഷം ഫാസിസത്തെ നേരിടാന്‍ ഒത്തുകൂടിയപ്പോള്‍ അതില്‍ നിന്നും മുസ്ലിം സംഘടനകളെ മാറ്റിനിര്‍ത്തി. മനുഷ്യരായി വരാന്‍ കഴിയുന്നവര്‍ക്ക് വേണ്ടിയുള്ളതാണത്രേ മനുഷ്യസംഗമം. എന്നാല്‍, മനുഷ്യരില്‍ പെടാത്ത, അറിവുകൊണ്ട് ,അധികാരംകൊണ്ട്, ശരീരംകൊണ്ട് അപൂര്‍ണരായ കാല്‍, അര, മുക്കാല്‍ മനുഷ്യരും ഫാസിസത്തിനെതിരെ അമാനവസംഗമം നടത്തി. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഇസ്ലാമും ഇസ്ലാമിക് സ്റ്റേറ്റും എന്ന ഒരു പാനല്‍ ഉള്‍പ്പെടുത്തിയതും ഹിന്ദുത്വവും ഹിന്ദു സ്റ്റേറ്റും എന്ന വിഷയത്തില്‍ ഒരു പാനല്‍ ഇല്ലാത്തതും ഈ ഒരു പാരമ്പര്യം നിലനില്‍ക്കുന്നതുകൊണ്ടാകും! മനുഷ്യസംഗമത്തിനെത്തിയ മനുഷ്യര്‍ ആടിയും പാടിയും ആഘോഷിച്ചു ഫാസിസത്തെ സന്തോഷത്തോടെ നേരിട്ടപ്പോള്‍, ഈ അര മുക്കാല്‍ കാല്‍ മനുഷ്യര്‍ ഭരണകൂട ഭീകരതയുടെ ഇരകളെ കൂട്ടം ചേര്‍ന്ന് അനുസ്മരിച്ചു എന്നതില്‍ ഫാസിസത്തിന്റെ നേരിയ ഒരടരെങ്കിലും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ എന്ത് ‘മനുഷ്യരാ’ണ് രാഷ്ട്രീയാധികാരം എന്ന പ്രിവിലേജ് ഉള്ളവരും അതില്ലാത്തവരും തമ്മിലുള്ള വ്യത്യാസം ഈ രണ്ടു വേദികളില്‍ കാണാം. രാഷ്ട്രീയാധികാരം ഉണ്ടെങ്കിലേ സാംസ്‌കാരിക അധികാരം സാധ്യമാകൂ. വരേണ്യ സാഹിത്യ ഇടങ്ങളെ തകര്‍ക്കാന്‍ ആദ്യം വേണ്ടത് സാംസ്‌കാരിക അധികാരമാണ്. സാംസ്‌കാരിക അധികാരം വരുന്നത് രാഷ്ട്രീയാധികാരത്തില്‍ നിന്നാണ്. ഇവിടെ ആര്‍ക്കാണ് രാഷ്ട്രീയാധികാരമുള്ളത്? ഇവിടെ ആര്‍ക്കാണ് സ്വന്തം രാഷ്ട്രീത്തില്‍, അതിന്റെ പൂര്‍ണ്ണമായ രൂപത്തില്‍ ജീവിക്കാന്‍ കഴിയുന്നത്?

ദേശത്തിന്റെയും ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെയും അളവുകോലില്‍ ഇന്ത്യയിലെ ദളിതരും മുസ്ലീങ്ങളും ആദിവാസികളും ഭരണകൂടത്തിന്റെ ഭീഷണിയില്‍ കഴിയുമ്പോളും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആശങ്കപ്പെടുന്നത് ഇസ്ലാമിനെയും ഇസ്ലാമിക് സ്റ്റേറ്റിനെയും കുറിച്ചാണ്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ ഭയത്തില്‍ ജീവിക്കുന്നു എന്ന യാഥാര്‍ഥ്യം പൂര്‍ണമായും മറച്ചുപിടിക്കുന്നു ഈ പാനല്‍. അംബേദ്കര്‍ Annihilation of Caste (ജാതി ഉന്മൂലനം) Riddles of Hinduism എന്നീ പുസ്തകങ്ങളില്‍ ചെയ്തതുപോലെ ഹിന്ദുയിസത്തെ ചോദ്യം ചെയ്യാന്‍ കേരളം ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സംഘാടകര്‍ ധൈര്യപ്പെടുമോ? തസ്ലീമ നസ്രീനെ മുസ്ലിം ഫണ്ടമെന്റലിസത്തിന്റെ ഇരയായി ചിത്രീകരിക്കുമ്പോള്‍ തന്നെ #whereisNajeeb എന്ന ചോദ്യമുയര്‍ത്തി, രാജ്യത്തെ മുസ്ലിം വിദ്യാര്‍ഥികള്‍ സമരം ചെയ്യുമ്പോള്‍ Muslim Other നെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘാടകര്‍ ധൈര്യപ്പെടുമോ? നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനെ ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാന്‍ സംഘാടകര്‍ തയ്യാറാകുമോ? ചില ഫാന്റസികളില്‍ മുഴുകി നില്‍ക്കുകയാണ് എന്നതിലപ്പുറം നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പോലുള്ള സവര്‍ണ വേദി ഉള്‍ക്കൊള്ളുന്നില്ല എന്നാണ് എനിക്ക്‌തോന്നുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ‘Religion, Spirituality, Philosophy’ എന്ന പാനലിലെ അംഗങ്ങള്‍ ഇസ്ലാം മതത്തെ പൂര്‍ണമായും എതിര്‍ക്കുന്നവരായിരുന്നു, മതവിശ്വാസികള്‍ ആരും പാനലില്‍ ഉണ്ടായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടി വിവിധ മുസ്ലിം സംഘടനകള്‍ സാംസ്‌കാരിക വകുപ്പിനോട് ഫെസ്റ്റിവലിന് പിന്തുണ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഈ വര്‍ഷത്തെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലും സമാനമായ പാനല്‍ ഉണ്ടെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. തീര്‍ന്നിട്ടില്ല, കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം കാണിക്കാനായി ഗോത്രകലോല്‍സവവും ഫെസ്റ്റിവലിന്റെ ഭാഗമാണ്.

സാഹിത്യത്തില്‍ മനുഷ്യാവകാശങ്ങളെ കുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയും മറ്റും ചര്‍ച്ചകള്‍ നടക്കട്ടെ. കഥകളെക്കുറിച്ചും കവിതകളെക്കുറിച്ചും പറയട്ടെ. ആനുകാലികങ്ങളിലെ പെണ്‍പ്രാതിനിധ്യത്തെക്കുറിച്ചും നൂറായിരം പെണ്‍ എഴുത്തുകള്‍ കണ്ണടച്ച് തള്ളിയ എഡിറ്റര്‍മാര്‍ സംസാരിക്കട്ടെ. ലാല്‍ സലാം നീല്‍ സലാമിനെ വിഴുങ്ങുന്ന ഗ്രാഫിറ്റികള്‍ക്ക് മുന്നില്‍ നിന്ന് എഴുത്തുകാരും വായനക്കാരും ഫോട്ടോകള്‍ എടുക്കട്ടെ. ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച്, പിന്നെയും പിന്നെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച്, വേദനകള്‍ കുത്തിവരച്ച ഗ്രാഫിക് നോവലുകളെക്കുറിച്ച്, ചിത്രങ്ങളെക്കുറിച്ച്, നോവലുകളെക്കുറിച്ച്, ലൈംഗിക സദാചാരത്തെക്കുറിച്ച്… ‘മതഭീകരത’യെക്കുറിച്ച്… ‘കലഹിക്കുന്ന’ കലാലയങ്ങളെക്കുറിച്ച്… സോപ്പുകുമിളകള്‍ കണക്കെ നിങ്ങളുടെ ചര്‍ച്ചകള്‍ തിളങ്ങട്ടെ. വേര്‍തിരിക്കലുകളുടെ വൃത്തികെട്ട സവര്‍ണ, അയിത്ത രാഷ്ട്രീയമാണ് നിങ്ങളുടേതെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേക്കും നിങ്ങള്‍ എണ്ണത്തില്‍ ചെറുതായി ചുരുങ്ങിയിരിക്കും. തീര്‍ച്ച.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s