കേരളം ചാമ്പ്യന്‍മാര്‍


വഡോദര > ട്രാക്കിലെ ആധികാരികമായ കുതിപ്പിന്റെ കരുത്തില്‍ കേരളം ദേശീയ ജൂനിയര്‍ സ്കൂള്‍ അത്ലറ്റിക്സില്‍ കിരീടം ചൂടി. മൂന്നായി വിഭജിച്ചശേഷമുള്ള ആദ്യ സ്കൂള്‍ മീറ്റിന്റെ ജൂനിയര്‍വിഭാഗത്തില്‍ എതിരാളികളെ ഏറെ പിന്നിലാക്കി കേരളത്തിന്റെ കുട്ടികള്‍. അവസാന ദിവസത്തെ ആറ് ഫൈനലില്‍ അഞ്ചിലും കേരളം സ്വര്‍ണം കൊയ്തു. ആകെ 12 സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവും സ്വന്തമാക്കി. ജൂനിയര്‍വിഭാഗത്തില്‍ തുടര്‍ച്ചയായ 18-ാം കിരീടമായിരുന്നു കേരളത്തിന്റേത്.
രണ്ടാംദിനം എറിഞ്ഞ് മുന്നില്‍ക്കയറിയെങ്കിലും പിന്നീട് കിതച്ച ഹരിയാന നാല് സ്വര്‍ണവും അഞ്ചുവീതം വെള്ളിയും വെങ്കലവുംനേടി മൂന്നാമതായി. മൂന്നാമതെത്തിയ ഡല്‍ഹിക്ക് മൂന്നുവീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമാണ് സമ്പാദ്യം.
അവസാനദിനം സ്പ്രിന്റ് ഡബിള്‍ പൂര്‍ത്തിയാക്കി കേരളത്തിന്റെ കിരീടക്കുതിപ്പിന് വേഗംനല്‍കിയ സി അഭിനവാണ് ആണ്‍കുട്ടികളില്‍ മികച്ച താരമായത്. ആദ്യദിനം നൂറില്‍ കേരളത്തിന് അപ്രതീക്ഷിത സ്വര്‍ണം സമ്മാനിച്ച ഈ കണ്ണൂര്‍ക്കാരന്‍ 200ലും വ്യക്തമായ ആധിപത്യത്തോടെ സ്വര്‍ണം നേടി. 4-100 മീറ്റര്‍ റിലേയില്‍ കേരളം സ്വര്‍ണത്തിലേക്ക് പാഞ്ഞുകയറിയത് അഭിനവിന്റെ കുതിപ്പിലായിരുന്നു. 400 മീറ്ററില്‍ സ്വര്‍ണവും 800ല്‍ റെക്കോഡ് സ്വര്‍ണവും സ്വന്തമാക്കിയ മഹാരാഷ്ട്രയുടെ തായി ബമാനെ പെണ്‍കുട്ടികളില്‍ മികച്ച അത്ലീറ്റായി.
ഇരുന്നൂറ് മീറ്ററില്‍ സി അഭിനവ്, പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ മെറിന്‍ ബിജു, ആണ്‍കുട്ടികളില്‍ ആകാശ് എം വര്‍ഗീസ്, ഇരുവിഭാഗങ്ങളിലെയും 4-100 മീറ്റര്‍ റിലേകളിലുമാണ് കേരളം നാലാംദിനം സ്വര്‍ണം നേടിയത്. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ സാന്ദ്ര ബാബു വെള്ളിയും 200 മീറ്ററില്‍ ആന്‍സി സോജന്‍ വെങ്കലവും നേടി.

4-100 മീറ്റര്‍ റിലേയില്‍ കേരളത്തിനെ സ്വര്‍ണത്തിലേക്കു നയിച്ച അപര്‍ണ റോയി മീറ്റില്‍ ഇരട്ടസ്വര്‍ണം പൂര്‍ത്തിയാക്കി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോഡോടെ അപര്‍ണ സ്വര്‍ണംനേടിയിരുന്നു.

എട്ട് സ്വര്‍ണവും നാലുവീതം വെള്ളിയും വെങ്കലവും സ്വന്തമാക്കി പെണ്‍കുട്ടികളിലും നാല് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി ആണ്‍കുട്ടികളിലും കേരളം ചാമ്പ്യന്‍മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏറെക്കാലത്തിനുശേഷമാണ് കേരളം ഒന്നാമതെത്തുന്നത്. പെണ്‍കുട്ടികളില്‍ മഹാരാഷ്ട്ര രണ്ടുവീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും നേടി രണ്ടാമതെത്തി. ആണ്‍കുട്ടികളില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവും ഏറിനങ്ങളില്‍ സ്വന്തമാക്കിയ ഹരിയാന രണ്ടാമതെത്തി.

കുതിച്ചത് അഭിനവ്
വഡോദര : മഞ്ജല്‍പുരിലെ ട്രാക്കിലെ അവസാനദിന പോരാട്ടത്തില്‍ സ്പ്രിന്റ് ഡബിള്‍ പൂര്‍ത്തിയാക്കി സി അഭിനവ് മീറ്റിന്റെ മിന്നുംതാരമായി. ആദ്യദിനം നൂറില്‍ സ്വര്‍ണംതൊട്ട് മീറ്റിന്റെ വേഗക്കാരനായ ഈ 10-ാം ക്ളാസുകാരന്‍ അവസാനദിനം 200ലും പൊന്നണിഞ്ഞു. 2009നുശേഷം ഇതാദ്യമായാണ് കേരളതാരം സ്പ്രിന്റ് ഡബിള്‍ നേടിയത്. 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണത്തിലേക്കു കുതിച്ച കേരള ടീമിനെ നയിച്ച് മീറ്റിലെ ഏക ട്രിപ്പിള്‍സ്വര്‍ണനേട്ടത്തിനും അഭിനവ് ഉടമയായി.
ഇരുന്നൂറ് മീറ്ററില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് അഭിനവ് സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. 22.50 സെക്കന്‍ഡില്‍ തന്റെ മികച്ച സമയവും അഭിനവ് മഞ്ജല്‍പുരില്‍ കുറിച്ചു. 100 മീറ്ററിലും എതിരാളികളായിരുന്ന കര്‍ണാടകയുടെ വി എ ശശികാന്തിനെയും (22.59) ഡല്‍ഹിയുടെ അന്‍ഷുളിനെയും (22.71) പിറകിലാക്കിയാണ് അഭിനവ് സ്പ്രിന്റ് ഡബിള്‍ തികച്ചത്. തൊട്ടുപിന്നാലെ പിന്നാലെ 4-100 മീറ്റര്‍ റിലേയിലും സ്വര്‍ണത്തിലേക്കു കുതിച്ചു. 2009ല്‍ കൊച്ചിയില്‍ നടന്ന മീറ്റില്‍ കോതമംഗലം സെന്റ് ജോര്‍ജിലെ ഇന്ദുലേഖയാണ് അവസാനമായി കേരളത്തിനായി സ്പ്രിന്റ് ഡബിള്‍ നേടിയത്. അതിനു മുമ്പ് പാലക്കാടിന്റെ പി ബി ബിനീഷും സ്പ്രിന്റില്‍ ഇരട്ടസ്വര്‍ണം നേടിയിരുന്നു.

കണ്ണൂര്‍ ഇരിട്ടി ഊരകത്ത് കോള്‍ക്കണ്ടി രത്നാകരന്റെയും റീഷയുടെയും മകനാണ് അഭിനവ്. ഏഴാംക്ളാസ്മുതല്‍ തിരുവനന്തപുരം സായിയില്‍ പി പീസിന്റെ കീഴിലാണ് പരിശീലനം. തുണ്ടത്തില്‍ എംവിജി എസ്എസിലെ 10-ാം ക്ളാസ് വിദ്യാര്‍ഥിയാണ്.

മൂന്നായി വിഭജിച്ചശേഷമുള്ള ആദ്യ മീറ്റില്‍ സീനിയര്‍ വിഭാഗത്തിലും കേരളത്തിന് കിരീടം കിട്ടിയിരുന്നു. സബ്ജൂനിയറില്‍ കേരളം ആറാമതായി. മഹാരാഷ്ട്രയായിരുന്നു ചാമ്പ്യന്‍മാര്‍.

കല്ലടി മിന്നി
വഡോദര : കല്ലടി സ്കൂളിന്റെ കരുത്തിലായിരുന്നു കേരളത്തിന്റെ പടയോട്ടം. പാലക്കാട് കല്ലടി കുമരംപുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഏഴു താരങ്ങളാണ് മഞ്ജല്‍പുരിലെ ട്രാക്കിലും ഫീല്‍ഡിലും കേരളത്തിനായി പോരിനിറങ്ങിയത്. നാല് സ്വര്‍ണവും ഒരു വെള്ളിയും കല്ലടിയുടെ കുട്ടികള്‍ നല്‍കി.

ആദ്യദിനം 3000ല്‍ സ്വര്‍ണംനേടി ചാന്ദിനിയാണ് കേരളത്തിന്റെ കുതിപ്പിന് തുടക്കമിട്ടത്. മൂന്നാംദിനം 1500ലും ഒന്നാമതെത്തിചാന്ദിനി ഇരട്ടസ്വര്‍ണം പൂര്‍ത്തിയാക്കി. മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ സാന്ദ്ര സുരേന്ദ്രനും പോള്‍വോള്‍ട്ടിലൂടെ നിവ്യ ആന്റണിയും സ്വര്‍ണം സമ്മാനിച്ചു. നിവ്യ റെക്കോഡിട്ടു. ഹൈജമ്പില്‍ എം ജിഷ്ണ വെള്ളി നേടി.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s