നവകേരള കര്‍മപദ്ധതി കേരളത്തിന് കുതിപ്പേകും

തിരുവനന്തപുരം : നവകേരള  കര്‍മപദ്ധതി കേരളത്തിന് കുതിപ്പേകുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. വികസനക്ഷേമ രംഗങ്ങളില്‍ വലിയ മാറ്റങ്ങളാണ് ഇതുമൂലം ഉണ്ടാകുകയെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവിതവും ജീവിതോപാധികളും അവരുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് നിറവേറ്റാന്‍ ‘ഭരണത്തെ രൂപാന്തരപ്പെടുത്തുന്നതാണ് ഈ പദ്ധതി.

ഇതുവരെ വികസനങ്ങളില്‍നിന്ന് ഒഴിവാക്കി നിര്‍ത്തിയിരുന്ന ദരിദ്രരും വിധവകളും വയോധികരും ഗുരുതര രോഗികളും ഗോത്രവര്‍ഗക്കാരും ഉള്‍പ്പെടെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പദ്ധതിയില്‍ മുന്തിയ പരിഗണന. ഭക്ഷ്യസുരക്ഷയ്ക്കായി ഹരിത കേരള മിഷന്‍, ആരോഗ്യമേഖലയില്‍ ആര്‍ദ്രം, വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ കോംബ്രിഹെന്‍സീവ് പബ്ളിക് എഡ്യൂക്കേഷന്‍ റിജ്യുവനേഷന്‍ മിഷന്‍, എല്ലാവര്‍ക്കും ‘ഭവനമെന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി എന്നിവയാണ് നടപ്പാക്കുന്നത്. ഇതോടൊപ്പം ജനകീയാസൂത്രണം കൂടുതല്‍ ശക്തിയോടെയും ഊര്‍ജിതമായും നടപ്പാക്കും. കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങളായി പഞ്ചായത്തുകളെയും നഗരസഭകളെയും മാറ്റും. അടുത്ത പദ്ധതി കാലയളവില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് 60,000 കോടി നല്‍കും. ഈ ദൌത്യങ്ങള്‍ കൈവരിക്കുന്നതിനായി ഫലപ്രാപ്തിയുള്ള ആസൂത്രണത്തിന് അധിക പ്രൊഫഷണല്‍ സഹായവും തദ്ദേശസര്‍ക്കാരുകളുടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.

അംഗപരിമിതര്‍ക്കായി പദ്ധതികള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് അംഗപരിമിതര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് റിസര്‍ച്ച് ആന്‍ഡ് ഗൈഡന്‍സ് സെല്‍ രൂപീകരിക്കും. എല്ലാ പൊതുകെട്ടിടങ്ങളിലും അംഗപരിമിതര്‍ക്ക് പ്രയാസമില്ലാതെ കടന്നുചെല്ലുന്നതിനുള്ള അടിസ്ഥാനസൌകര്യം ഒരുക്കും. ഭിന്നശേഷിക്കാര്‍ക്ക് സ്ഥിരം ജോലി നല്‍കാന്‍ ജില്ലാതലത്തില്‍ പദ്ധതി തുടങ്ങും. പൊതുസ്ഥലങ്ങളിലും ബസ് സ്റ്റോപ്പുകളിലും റാംപുകളും ബ്രെയ്ലി ചിഹ്നങ്ങളും വ്യാപകമാക്കും.

പ്രമേഹരോഗികളായ കുട്ടികള്‍ക്ക് ഇന്‍സുലിന്‍  വിതരണം ചെയ്യുന്ന സഹായപദ്ധതി തുടങ്ങും. ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്കായി ഷെള്‍ട്ടേര്‍ഡ് വര്‍ക്ഷോപ്പ് സ്ഥാപിക്കും. അംഗപരിമിതരായ ബിപിഎല്‍കാര്‍ക്ക് സ്വാവലംബന്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള പാക്കേജ് പൂര്‍ണമായി നടപ്പാക്കും.

പക്ഷാഘാതം പിടിപെട്ടവര്‍ക്കായി ഹാഫ് വേ ഹോം കോഴിക്കോട്ട് തുടങ്ങും. ഇവിടെ രോഗിക്ക് ഇന്‍പേഷ്യന്റ് റിഹാബിലിറ്റേഷന്‍ സേവനം നല്‍കും. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി തൊഴില്‍നൈപുണ്യ പരിപാടി നടപ്പാക്കും.

വരള്‍ച്ച, വിലയിടിവ്; കേന്ദ്ര ഇടപെടല്‍വേണം
തിരുവനന്തപുരം : വരള്‍ച്ചയും വിലയിടിവുംമൂലം തകരുന്ന നാണ്യവിളകളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സജീവ ഇടപെടല്‍ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. റബര്‍, നാളികേരം, തേയില, കാപ്പി, കുരുമുളക്, ഏലം, കശുവണ്ടി, അടയ്ക്ക, ജാതി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ പോലുള്ള നാണ്യവിളകളുടെ സ്ഥിതി സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലായി. റബര്‍-നാളികേര സംഭരണത്തില്‍ സംസ്ഥാനം ഇടപെടുന്നുണ്ട്. കേന്ദ്രത്തിന്റെ സജീവ ഇടപെടലും വേണം. റിസര്‍വോയറുകളില്‍ ജലനിരപ്പ് 41 ശതമാനമാണ്. 30,116 ഹെക്ടറോളം വിളനാശമുണ്ടായി. വളര്‍ച്ച നഷ്ടം ലഘൂകരിക്കുന്നതിന് അതിശ്രദ്ധയുള്ള കരുതല്‍പദ്ധതി സംസ്ഥാനം ഏര്‍പ്പെടുത്തി. കുടിവെള്ളക്ഷാമം പരിഹരിക്കാനും നടപടികള്‍ തുടരുന്നു.

8 ജില്ലയില്‍ ന്യൂഹോമുകള്‍; അങ്കണവാടികളില്‍ ക്രഷ്
തിരുവനന്തപുരം : സംസ്ഥാനത്ത് 250 അങ്കണവാടികളോട് ചേര്‍ന്ന് ക്രഷുകള്‍ സ്ഥാപിക്കുമെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞു. ഈ അങ്കണവാടികളുടെ പ്രവര്‍ത്തനസമയം രാവിലെ 8.30മുതല്‍ വൈകിട്ട് 5.30വരെയാക്കും.

പെണ്‍കുട്ടികള്‍ക്കായി പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ ന്യൂഹോമുകള്‍ സ്ഥാപിക്കും. ജോലിക്കാരായ സ്ത്രീകള്‍ക്കായി പുതിയ ഹോസ്റ്റലുകള്‍ തുറക്കും. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ വനിതാവികസന കോര്‍പറേഷന്‍ വനിതാ ഹെല്‍പ്ലൈന്‍ സ്ഥാപിക്കും. പട്ടികവര്‍ഗസ്ത്രീകള്‍ക്കായി നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുറക്കും. കോട്ടയം ഗാന്ധിനഗര്‍, പീരുമേട് എന്നിവിടങ്ങളില്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കും.

വൈദ്യുതി കണക്ഷന് ഏകജാലകം
തിരുവനന്തപുരം : കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങി വച്ച ജലവൈദ്യുതി പദ്ധതികളായ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, തോട്ടിയാര്‍, ചാത്തന്‍കോട്ട് നട എന്നിവ പുനരാരംഭിക്കും. ഇതോടൊപ്പം 105 മെഗാവാട്ട് ശേഷിയുള്ള ആറ് പുതിയ ചെറുകിട ജലവൈദ്യൂതി പദ്ധതികള്‍ നടപ്പാക്കും. വരുംവര്‍ഷം കാസര്‍കോട്ടുള്ള 200 മൊഗാവാട്ട് സോളാര്‍പാര്‍ക്കിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കും.

വൈദ്യുതി കണക്ഷനുള്ള എല്ലാ അപേക്ഷകളും സ്വീകരിക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തും. ഹൈഡല്‍ ടൂറിസം പദ്ധതി സബ്സിഡയറി കമ്പനിയായി പുനഃസംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇഎംസി മിനി-മൈക്രോ പദ്ധതികള്‍ ആരംഭിക്കും. ഒരു വീടിന് ഒരു സൌരോര്‍ജന പാനല്‍ എന്ന പദ്ധതി പ്രോത്സാഹിപ്പിക്കും.
3000 ചതുരശ്ര അടി വിസ്തീര്‍ണത്തിന് മുകളിലുള്ള വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കും.

നഗരങ്ങള്‍ സുരക്ഷിതമാക്കും
തിരുവനന്തപുരം : ക്രമസമാധാനനില ഭദ്രമാക്കാന്‍ സംസ്ഥാനത്തുടനീളം സുരക്ഷിതനഗരങ്ങളും വില്ലേജുകളും ഒരുക്കാന്‍ പ്രത്യേക സജ്ജീകരണം ഒരുക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളും ജനമൈത്രി കേന്ദ്രങ്ങളാക്കും. സ്റ്റുഡന്റ്് പൊലീസ് പദ്ധതി നൂറ് പുതിയ പൊലീസ് സ്റ്റേഷനുകളില്‍കൂടി നടപ്പാക്കും.

പുതിയ സൈബര്‍ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഡിവിഷന്‍ പ്രവര്‍ത്തനസജ്ജമാക്കും. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ സൈബര്‍ഡോമും എല്ലാ ജില്ലയിലും സൈബര്‍ ക്രൈം പൊലീസ്് സ്റ്റേഷനും സ്ഥാപിക്കും. കോടതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജയിലുകളുമായി ബന്ധിപ്പിക്കും. തൃശൂരില്‍ സെന്‍ട്രലൈസ് ലാബോറട്ടറിയും  ഓരോ ജില്ലയിലും ഫോറന്‍സിക് കലക്ഷന്‍ സെന്ററും സ്ഥാപിക്കും. കേരള പൊലീസ് അക്കാദമി ഡിജിറ്റലാക്കും. നഗരങ്ങളില്‍മാത്രമുള്ള പിങ്ക് പട്രോളിങ്ങിനെ എല്ലാ ജില്ലാകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.

പുതിയ ടൂറിസംനയം
തിരുവനന്തപുരം : ടൂറിസം മേഖലയില്‍ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ പുതിയ ടൂറിസം നയം നടപ്പാക്കും. വരുന്ന അഞ്ചു വര്‍ഷംകൊണ്ട് ടൂറിസം മേഖലയില്‍ നാലു ലക്ഷം അധിക തൊഴിലവസരം സൃഷ്ടിക്കും. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി സെയ്ഫ് കേരള ആപ്പുമായി ബന്ധിപ്പിക്കും. പാന്‍ കേരള ടൂറിസം കോള്‍ സെന്ററും ആരംഭിക്കും. തീരദേശത്ത് കൂടുതല്‍ ടൂറിസം ബീച്ച് സ്ഥാപിക്കും. ടൂറിസം മേഖലയുടെ വികസനത്തിനായി ഐഡിയ ഇന്‍വെസ്റ്റര്‍ മീറ്റ് സംഘടിപ്പിക്കും. വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഭിന്നശേഷി സൌഹൃദ കേന്ദ്രമാക്കും. ടൂറിസം കേന്ദ്രം ആരംഭിച്ച ഗ്രീന്‍ കാര്‍പറ്റ് സംരംഭങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.

പിഎസ്സി നിയമനം ഒരുവര്‍ഷത്തിനകം പൂര്‍ത്തീകരിക്കും
തിരുവനന്തപുരം : എല്ലാ റാങ്ക് ലിസ്റ്റുകളും കൃത്യമായി പ്രസിദ്ധീകരിച്ച് പിഎസ്സി വഴിയുള്ള നിയമനടപടികള്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. പിഎസ്സിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ഒരേ യോഗ്യതയുള്ള തസ്തികകള്‍  പൊതുപരീക്ഷയിലേക്ക് മാറും. ഓണ്‍ലൈന്‍  പരീക്ഷ വ്യാപകമാക്കും. കമീഷന്‍ പരീക്ഷകളില്‍ മലയാളം നിര്‍ബന്ധിതവിഷയമാക്കും. വിപുലമായ ചോദ്യബാങ്ക് രൂപീകരിക്കും.

പരാതി പരിഹാരത്തിന് ‘റീച്ചിങ് ദ പീപ്പിള്‍’
തിരുവനന്തപുരം : പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി എല്ലാ മാസവും താലൂക്ക് തല ക്യാമ്പുകള്‍ സംഘടിപ്പിക്കും. ‘റീച്ചിങ് ദ പീപ്പിള്‍’ എന്ന പേരിലാകും ഈ ക്യാമ്പ്. എല്ലാ പൌരസേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ‘അറ്റ് യുവര്‍ സര്‍വീസ’് സംവിധാനം കൊണ്ടുവരും.

എല്ലാ വില്ലേജ് ഓഫീസുകളിലേക്കും ഇ ഓഫീസ് സംവിധാനം വ്യാപിപ്പിക്കും. എല്ലാ നികുതികളും ഫീസുകളും ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കും. സംസ്ഥാനത്ത് ലഭ്യമായ മിച്ചഭൂമി ഗുണഭോക്താക്കള്‍ക്ക് വിതരണംചെയ്യും. 77 ജനുവരി ഒന്നിനുമുമ്പ് വനഭൂമി കൈവശമുള്ളവര്‍ക്ക് പട്ടയം നല്‍കുന്ന നടപടി വേഗത്തിലാക്കും. റീസര്‍വേ നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കും. വില്ലേജ് ഓഫീസിലെ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യും. വില്‍പ്പന നികുതി തര്‍ക്കങ്ങള്‍ അദാലത്ത് വഴി തീര്‍പ്പാക്കും. ഇതിനായി ഏകസമയജാലകം ഉണ്ടായിരിക്കും.  എല്ലാ വസ്തു നികുതിയും ഓണ്‍ലൈന്‍വഴി നല്‍കുന്നതിന് സൌകര്യം ഒരുക്കും.

ഇഎസ്ഐ പരിധിയില്‍ കൂടുതല്‍ ജീവനക്കാര്‍
തിരുവനന്തപുരം : ഇഎസ്ഐ പദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍  ഡിസ്പന്‍സറികള്‍ സ്ഥാപിക്കും. താല്‍ക്കാലികജോലിയും കരാര്‍ തൊഴിലാളികളെയും താല്‍ക്കാലിക തൂപ്പുകാരെയും കുറഞ്ഞ വേതനക്കാരെയും ഇഎസ്ഐ പരിധിയില്‍ കൊണ്ടുവരും. ഇഎസ്ഐ ആശുപത്രികളില്‍ സ്വാന്തനപരിചരണ യൂണിറ്റുകള്‍ ആരംഭിക്കും. എറണാകുളം കാക്കനാട്ട് ഒക്കുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ട്രെയ്നിങ് സെന്റര്‍ തുടങ്ങും. തൊഴില്‍വൈദഗ്ധ്യമുള്ളവരെ സൃഷ്ടിക്കാന്‍ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് നടപടി സ്വീകരിക്കും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s