4 പ്രതികളെ നടി തിരിച്ചറിഞ്ഞു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും എട്ടുദിവസത്തേക്ക് പൊലീസ്കസ്റ്റഡിയില്‍ വിട്ടു. തട്ടിക്കൊണ്ടുപോയി ആക്രമിച്ചവരെ നടി തിരിച്ചറിയുകയും ചെയ്തു. ശനിയാഴ്ച ആലുവ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് പൊലീസ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് എട്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. കസ്റ്റഡികാലാവധി മാര്‍ച്ച് അഞ്ചിന് അവസാനിക്കും. അറസ്റ്റിലായ മറ്റ് നാലുപേരുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആലുവ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി പരിഗണിക്കും.

ആലുവ സബ്ജയിലില്‍ ശനിയാഴ്ച വൈകിട്ട് നടന്ന തിരിച്ചറിയല്‍ പരേഡിലാണ് നടി പ്രതികളെ തിരിച്ചറിഞ്ഞത്. കേസില്‍ ആദ്യം പിടിയിലായ ഡ്രൈവര്‍ മാര്‍ട്ടിന്‍, ടെമ്പോ ട്രാവലറിലെത്തിയ വടിവാള്‍ സലീം, പ്രദീപ്, മണികണ്ഠന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ നാലുപേരെയാണ് തിരിച്ചറിയല്‍ പരേഡില്‍ ഹാജരാക്കിയത്. കഴിഞ്ഞദിവസം പിടിയിലായ പള്‍സര്‍ സുനി, വിജീഷ് എന്നിവരെ തിരിച്ചറിയലിന് എത്തിച്ചിരുന്നില്ല. ഇവരുടെ അറസ്റ്റ്ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതിനാലാണിത്. ആലുവ ഒന്നാംക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.

അറസ്റ്റിലായ പ്രതികളെ 24 മണിക്കൂര്‍ മാത്രമാണ് പൊലീസിന് ചോദ്യംചെയ്യാന്‍ ലഭിച്ചത്. പ്രാഥമികഘട്ട ചോദ്യംചെയ്യല്‍ മാത്രമാണ് നടന്നത്. സംശയമുള്ള നിരവധി കാര്യങ്ങളില്‍ വ്യക്തതയും കൂടുതല്‍ തെളിവെടുപ്പും പ്രതികളെയെല്ലാം ഒന്നിച്ച് ചോദ്യംചെയ്യലും ആവശ്യമുള്ളതിനാലാണ് കസ്റ്റഡിഅപേക്ഷ നല്‍കിയത്. പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുവദിക്കണമന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് പ്രതികള്‍ ആവര്‍ത്തിക്കുമ്പോഴും അക്കാര്യം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഗൂഢാലോചനയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. നടിയെ ആക്രമിക്കുന്ന രംഗം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ കണ്ടെടുക്കണം. വിളിച്ചയാളുകളുടെ കൂടുതല്‍ വിവരങ്ങള്‍, അവരുമായി പ്രതികള്‍ക്കുള്ള ബന്ധം, കോയമ്പത്തൂരിലേക്ക് കടക്കാനും അവിടെ ഒളിവില്‍ കഴിയാനും ഒത്താശചെയ്തവരുടെ വിശദാംശങ്ങള്‍ എന്നിവയും അറിയേണ്ടതുണ്ട്.  പ്രതികള്‍ക്കുവേണ്ടി വക്കാലത്തെടുത്ത അങ്കമാലിയിലെ അഭിഭാഷകന്‍ അഡ്വ. ഇ സി പൌലോസ് കോടതിയില്‍ ഹാജരാക്കിയ മൊബൈല്‍ ഫോണിന്റെ കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയാനും തെളിവുശേഖരിക്കാനുമായാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ആലുവ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ക്കുവേണ്ടി രണ്ട് അഭിഭാഷകര്‍ വന്നത് ആശയക്കുഴപ്പം ഉണ്ടാക്കി. അഡ്വ. ബി എ ആളൂര്‍ വക്കാലത്തെടുത്തുവെന്ന അവകാശവാദവുമായി അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകര്‍ എത്തിയിരുന്നു. വക്കാലത്ത് ഇവരെ ഏല്‍പ്പിച്ചയാള്‍ സ്ഥലത്തെത്താതിരുന്നതിനാല്‍ നേരത്തെതന്നെ വക്കാലത്ത് ഒപ്പിട്ട അഡ്വ. ഇ സി പൌലോസ് പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുകയായിരുന്നു.

പള്‍സര്‍ സുനിയെയും വിജീഷിനെയും തിരിച്ച് കാക്കനാട് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവര്‍ മാധ്യമങ്ങളുമായി സംസാരിച്ചു. ആവശ്യമില്ലാത്തവരെ ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു സുനിയുടെ പ്രതികരണം. ആരാണ് ബുദ്ധിമുട്ടിലാകുന്നത്, സിനിമാരംഗത്തുള്ളവരാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മറുപടി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s