മംഗലാപുരം വിഷയത്തിൽ കോൺഗ്രസ്സിന് കടുത്ത വിമർശനവുമായി വി.പി സാനു

v-p-sanu-sfi
Image Courtesy : V P Sanu (Facebook)

പിണറായി വിജയൻറെ മംഗലാപുരം പരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ കേരളത്തിലെ സി.പി.എം പ്രവർത്തകർ കോൺഗ്രസ്സിനെ കണ്ട് രാഷ്ട്രീയമര്യാദ പഠിക്കണമെന്ന കോൺഗ്രസ്സുകാരുടെ വാദം ചിരിക്ക് വകയൊരുക്കുകയാണെന്ന് എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ വി.പി സാനു തൻ്റെ ഫേസ്ബുക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തനം പകൽ കോൺഗ്രസിനു വേണ്ടിയും രാത്രി ആർ.എസ്.എസിനുവേണ്ടിയുമാണ് എന്ന കോൺഗ്രസ്സ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയുടെ വാക്കുകളെ പരാമർശിച്ചാണ് സാനുവിൻ്റെ വിമർശനം.ഇങ്ങനെയുള്ള കേരളത്തിലെ കോൺഗ്രസ്സുകാർക്ക് യുക്തിവാദിയും മതനിരപേക്ഷവാദിയുമായ സിദ്ധരാമയ്യ എടുത്ത ധീരമായനിലപാടിനെ എങ്ങനെയാണ് തങ്ങളുടെ നിലപാടെന്നു അവകാശപ്പെട്ടു മേനി നടിക്കാൻ കഴിയുന്നത് എന്നും സാനു ചോദിക്കുന്നു.

മുൻപ് നടന്ന ആർ.എസ്.എസ് ആക്രമങ്ങളെ ചെറുക്കാൻ ഒരു വിരൽപോലും അനക്കാതെ കോൺഗ്രസ്സ് നിന്നപ്പോൾ അവിടെല്ലാം പ്രതികരിച്ചത് ഇന്നത്തെ മുഖ്യമന്ത്രികൂടിയായ പിണറായി വിജയൻ ആണെന്നും മംഗലാപുരത്ത് കണ്ട അതേ പിണറായി വിജയനായിരിന്നു അന്നുമുണ്ടായിരുന്നതെന്നും ഓർക്കണമെന്ന് സാനു പറയുന്നു.

പിഴവുകളേതുമില്ലാതെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റിയ കർണാടക ചീഫ് മിനിസ്റ്റർ സിദ്ധരാമയ്യക്ക് അഭിവാദ്യങ്ങൾ എന്നർപ്പിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

വി.പി സാനുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

ചരിത്ര സത്യങ്ങൾ കുത്തിനോവിപ്പിക്കുന്നതു കൊണ്ടാണ് രാഷട്രീയ മര്യാദയുടെ പേരിൽ അഭിരമിക്കുന്നത്

കേരള മുഖ്യമന്ത്രി സ: പിണറായി വിജയൻറെ മംഗലാപുരം പരിപാടിയുമായി ബന്ധപ്പെട്ട ചില ചർച്ചകളിൽ ഈ നാട്ടിലെ സി പി എമ്മുകാര് മുഴുവൻ കോൺഗ്രസ്സിനെ കണ്ട് രാഷ്ട്രീയമര്യാദ പഠിക്കണമെന്ന വാദവുമായി ചില കോൺഗ്രസ്സുകാർ കടന്നു വരുന്നത് കാണുമ്പോൾ ചിരിക്ക് വകയൊരുങ്ങുന്നു... പ്രീയപ്പെട്ട കോൺഗ്രസ്സ്കാരോട് പറയാനുള്ളത് നിങ്ങൾ സമയം കിട്ടുകയാണെങ്കിൽ ഉത്തരാഖണ്ഢ്, മണിപ്പൂർ, അരുണാചൽ പ്രദേശ് തുടങ്ങിയിട്ടുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ഗതി വിഗതികളെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കണം. ഇത്തരം സംസ്ഥാനങ്ങളിലെല്ലാം ഒരു നിയമസഭയിലെ കോൺഗ്രസ്സ് എം എൽ എ മാർ കൂട്ടമായി ബി ജെ പിയുടെ പക്ഷം ചേർന്ന് രാജ്യത്തെ മതേതര പ്രതീക്ഷകളെ തച്ചുടക്കുന്നതിന് നാം സാക്ഷ്യം വഹിച്ചു. ഇത്തരം ആവർത്തിക്കുന്ന സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത് സംഘ്പരിവാരവും ഇന്ത്യയിലെ കോൺഗ്രസ്സ് പ്രസ്ഥാനവും മുൻപോട്ടു വയ്ക്കുന്ന ആശയങ്ങൾ തമ്മിൽ വലിയ വ്യത്യാസമൊന്നും തന്നെയില്ല എന്നതാണ്. കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തനം പകൽ കോൺഗ്രസിനു വേണ്ടിയും രാത്രി ആർ എസ് എസിനുവേണ്ടിയുമാണ് എന്നാണല്ലോ ഒരിക്കൽ കോൺഗ്രസ്സ് ദേശിയ നേതാവും കേരളത്തിലെ തലമുതിർന്ന നേതാവുമായ ശ്രീ എ കെ ആൻറണി തന്നെ പറഞ്ഞത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സംഘപരിവാരത്തിന്റെ വളർച്ചക്ക് ഊർജ്ജം പകരുന്ന കണക്കെ കേരളാ നിയമസഭാ ഇലക്ഷൻ കാലഘട്ടത്തിൽ കേരളത്തിലെ മുഴുവൻ പ്രബുദ്ധരായ മനുഷ്യരെയും വിഡ്ഢികളെന്നു ഗണിച്ച് കൊണ്ട് നടത്തിയ ആ പ്രഖ്യാപനം ഞങ്ങളിപ്പോഴും ഓർമ്മിക്കുന്നു. "ഇവിടെ പ്രധാനപ്പെട്ട മത്സരം നടക്കുന്നത് കോൺഗ്രസ്സും ബി ജെ പിയും തമ്മിലാണ്, ഇടതു പക്ഷം മൂന്നാം സ്ഥാനത്ത് മാത്രമാണ്". നിങ്ങൾ ഇത്രയുമൊക്കെ സംഘ്പരിവാരത്തിനു വേണ്ടി പ്രയത്നിച്ചിട്ടും ഇടതുപക്ഷം നേടിയ ചരിത്ര വിജയത്തെ കാലത്തിന്റെ കാവ്യനീതി എന്നൊക്കെ വിശേഷിപ്പിക്കാം അല്ലെ??

നിങ്ങൾ എക്കാലത്തും ഇന്ത്യൻ ഫാസിസത്തിന്, സംഘ്പരിവാരത്തിനു, ആർ എസ് എസിനു കയ്യും കണക്കുമില്ലാതെ സഹായം ചെയ്തു അവരുടെ വളർച്ചക്ക് പ്രചോദനമേകിയവരാണ്. ആർ എസ് എസ് കാരുടെ എണ്ണമറ്റ ക്രിമിനൽ കേസ്സുകൾ, പോലീസ് സർക്കിൾ ഇൻസ്‌പെക്ടറെ വധിക്കാൻ ശ്രമിച്ചതുൾപ്പെടെ, പിൻവലിച്ച് സഹായിച്ചിട്ടുള്ള ഉമ്മൻ ചാണ്ടിയും ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് പരസ്യ സഹായങ്ങൾ നൽകി പോന്ന രമേശ് ചെന്നിത്തലയും നേതൃത്വം നൽകുന്ന കേരളത്തിലെ കോൺഗ്രസ്സുകാർക്ക് യുക്തിവാദിയും മതനിരപേക്ഷവാദിയുമായ സിദ്ധരാമയ്യ എടുത്ത ധീരമായ നിലപാടിനെ എങ്ങനെയാണ് തങ്ങളുടെ നിലപാടെന്നു അവകാശപ്പെട്ടു മേനി നടിക്കാൻ കഴിയുക?? ഇതിനെ കോൺഗ്രസ്സ് നയമായി അംഗീകരിക്കാൻ ഒരു സാമാന്യ വ്യക്തിയെന്ന നിലക്ക് എൻറെ ബോധം അനുവദിക്കുന്നില്ല. അതിനു കാരണം നിരന്തരമായി നിങ്ങൾ പിന്തുടർന്ന രാഷ്ട്രീയ നിലപാടുകൾ തന്നെയാണ്.

രാജ്യത്ത് ആരെന്തു കഴിക്കണമെന്നു തീരുമാനിക്കുന്ന സ്വയം പ്രഖ്യാപിത അതോറിറ്റിയായി സംഘപരിവാർ സാധാരണക്കാരൻറെ വ്യക്തി ജീവിതത്തിലേക്ക് ചാട്ടുളി എറിഞ്ഞപ്പോഴും നിങ്ങളെ ഞങ്ങൾ കണ്ടിട്ടില്ല. കേരളഹൌസിൽ ബീഫ് വിളമ്പരുതെന്ന ഫത്വ സംഘപരിവാരം പുറപ്പെടുവിച്ചപ്പോൾ ഒരു വാക്കു കൊണ്ട് പോലും ചെറുക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലായിരുന്നല്ലോ?? അപ്പോൾ അവിടെ ഐക്യപ്പെടലിന്റെ, പ്രതിരോധത്തിൻറെ സ്വരവുമായി എത്തിയ ഇപ്പോഴത്തെ കേരള ചീഫ് മിനിസ്റ്റർ സ: പിണറായി വിജയനെ ഞാൻ ഓർമ്മിക്കുന്നു. മംഗലാപുരത്ത് കണ്ട അതെ പിണറായി വിജയനായിരിന്നു അന്ന് കേരളാ ഹൌസിനു മുൻപിലും.
ഒരു യുക്തിവാദിക്ക്, ഒരു ഭൗതികവാദിക്ക്, ഒരു മതനിരപേക്ഷവാദിക്ക് വർഗീയ ഫാസിസത്തിന് എതിരായി തീരുമാനങ്ങളെടുക്കാൻ സാധിക്കും എന്ന് സിദ്ധരാമയ്യ തെളിയിക്കുമ്പോൾ നിങ്ങളതിന് പക്ഷം ചേരാൻ അനർഹരാകുന്നത് ഞാൻ മേൽ സൂചിപ്പിച്ച കാരണങ്ങളാലാണ്.

സംഘപരിവാരം ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാൻ അനുവദിക്കില്ലെന്ന ഫാസിസ്റ്റു തിട്ടൂരമിറക്കിയപ്പോൾ അത് ചെയ്തു പൂർത്തിയാക്കാനുള്ള ദൃഢനിശ്ചയം ഒരു മതനിരപേക്ഷ സമൂഹത്തിനു പ്രതീക്ഷയേകുന്നത് തന്നെയായിരുന്നു. 
 ഒന്ന് കൂടി കൂട്ടി ചേർക്കട്ടെ. പിണറായി വിജയനോട് മംഗലാപുരത്ത് സിദ്ധരാമയ്യ കാണിച്ചത് തികഞ്ഞ രാഷ്ട്രീയ മര്യാദയാണ്. അത് ഇന്ത്യയിലെ കോൺഗ്രസ്സുകാർക്ക് സുപരിചിതമല്ല. ഒപ്പം തന്നെ മംഗാലാപുരത്ത് നിന്നും അധികം ദൂരയല്ലാത്ത ദാർവാഡിൽ ഒരു വന്ദ്യവയോധികൻ സംഘ്പരിവാരത്താൽ കൊല്ലപ്പെട്ടിട്ട് കാലമൊരുപാടായിരിക്കുന്നു. ഖൽബുർഗിക്ക് ഒരുപാട് വൈകിയെങ്കിൽ കൂടി നീതി ലഭ്യമാകണം. അത് നമ്മൾ ഏവരുടെയും ഒരു കൂട്ടുത്തരവാദിത്തമാണ്.

ഭീഷണികളെ അതിജീവിച്ച് മംഗലാപുരത്തെ മനുഷ്യരെ അഭിസംബോധന ചെയ്ത സ: പിണറായി വിജയനും, മംഗലാപുരത്തെ കരുത്തരായ സഖാക്കൾക്കും, പിഴവുകളേതുമില്ലാതെ തൻറെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റിയ പ്രിയ ബഹുമാന്യ കർണാടക ചീഫ് മിനിസ്റ്റർ സിദ്ധരാമയ്യക്കും അഭിവാദ്യങ്ങൾ.
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s