ഇരുട്ടടിയായി വിലവര്‍ധന : 3 മാസത്തിനിടെ കൂട്ടിയത് 145 ഉം 159 ഉം രൂപ

കൊച്ചി : ഗാര്‍ഹികാവശ്യത്തിന് സബ്സിഡിയോടെ നല്‍കുന്ന പാചകവാതകത്തിന് മൂന്നുമാസത്തിനിടെ വര്‍ധിച്ചത് 145 രൂപ. സബ്സിഡിയില്ലാത്ത സിലിന്‍ഡറിന് 159.50 രൂപയും. ബുധനാഴ്ച സബ്സിഡി സിലിന്‍ഡറിന് 85.50 രൂപയും സബ്സിഡി ഇല്ലാത്ത തിന് 90 രൂപയും വര്‍ധിപ്പിച്ചതോടെയാണിത്. പൊറുതിമുട്ടിനില്‍ക്കുന്ന ജനങ്ങള്‍ക്ക് എണ്ണക്കമ്പനികള്‍ നല്‍കിയ ഇരുട്ടടിയായി വിലവര്‍ധന. മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കഴിഞ്ഞ എട്ടുമാസത്തിനിടെ പാചകവാതകത്തിനും പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കുമായി ഒമ്പതുതവണ വില വര്‍ധിപ്പിച്ചു.

പുതിയ നിരക്കുവര്‍ധനയോടെ കൊച്ചിയില്‍  ഗാര്‍ഹികാവശ്യത്തിനുള്ള സബ്സിഡി സിലിന്‍ഡറിന് 750 രൂപയും സബ്സിഡി ഇല്ലാത്ത സിലിന്‍ഡറിന് 764.50 രൂപയുമായി വില. സബ്സിഡി സിലിന്‍ഡറിന് കൂടിയ വില സബ്സിഡിത്തുകയായി ഉപയോക്താക്കളുടെ ബാങ്ക് അക്കൌണ്ടിലെത്തുമെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞമാസം 203.18 രൂപയാണ് അക്കൌണ്ടില്‍ എത്തിയതെങ്കില്‍ ബുധനാഴ്ചമുതല്‍ സിലിന്‍ഡര്‍ എടുക്കുന്നവര്‍ക്ക് 288.50 രൂപയാകും അക്കൌണ്ടില്‍ നല്‍കുക.

ജനുവരിയില്‍ സബ്സിഡി സിലിന്‍ഡറിന് 605 രൂപയാണ് ഈടാക്കിയത്. അപ്പോള്‍ അക്കൌണ്ടിലെത്തിയ സബ്സിഡിതുക 158 രൂപയായിരുന്നു. ഫെബ്രുവരിയില്‍ ഗാര്‍ഹികാവശ്യ സബ്സിഡി സിലിന്‍ഡറിന് വില 664.50 രൂപയായി. അക്കൌണ്ടിലെത്തിയ സബ്സിഡിതുക 203. അതായത് സബ്സിഡിക്കുശേഷം  സിലിന്‍ഡര്‍ വില 461.32 രൂപ. ഫെബ്രുവരിയിലാണ് സബ്സിഡി സിലിന്‍ഡറിന്റെ വില 65.90 രൂപയായും നോണ്‍ സബ്സിഡി സിലിന്‍ഡറിന്റേത് 69.50 രൂപയായും ഉയര്‍ത്തിയത്. ഒരുമാസം കഴിയുംമുമ്പേ വീണ്ടും വില ഉയര്‍ത്തിയിരിക്കുകയാണ്.
സബ്സിഡിയുള്ള പാചകവാതകം ഉപേക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചവരും  ഹോട്ടല്‍, ക്യാറ്ററിങ് സേവനരംഗത്തുള്ളവരും നിരക്കുവര്‍ധനയോടെ ബുദ്ധിമുട്ടിലാകും.

വാണിജ്യാവശ്യ സിലിന്‍ഡറിനും വില കൂട്ടിയിട്ടുണ്ട്. 148.50 രൂപ. ഇതോടെ 19 കിലോയുടെ വാണിജ്യാവശ്യസിലിന്‍ഡറിന്റെ വില 1388 രൂപയായി. പാചകവാതക വില ഉയര്‍ന്നതോടെ ഹോട്ടല്‍ ഭക്ഷണസാധനങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹോട്ടല്‍ ഉടമകളുടെ സംഘടനകള്‍. സല്‍ക്കാരങ്ങള്‍ക്ക് സദ്യയും ചായസല്‍ക്കാരവും ഓര്‍ഡര്‍പിടിച്ച് പണം വാങ്ങുകയോ തുക പറഞ്ഞുറപ്പിക്കുകയോ ചെയ്ത ക്യാറ്ററിങ് സര്‍വീസുകാര്‍ വെട്ടിലായി.

2016 മേയില്‍ സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില 18 രൂപ കൂട്ടി. അന്ന് പൊതുവിതരണത്തിനല്ലാത്ത മണ്ണെണ്ണയുടെ വില ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ചിരുന്നു. ആഗസ്ത് 30ന് സബ്സിഡിയുള്ള പാചകവാതക സിലിന്‍ഡറിന് രണ്ടു രൂപയാണ് വര്‍ധിപ്പിച്ചത്. സബ്സിഡിയില്ലാത്ത സിലിന്‍ഡറുകള്‍ക്ക് 20 രൂപയും കൂട്ടി. നവംബറില്‍ സബ്സിഡിയില്ലാത്ത എല്‍പിജി സിലിന്‍ഡറിന്റെ വില 37.50 രൂപയും സബ്സിഡിയുള്ള സിലിന്‍ഡറിന്റെ വില രണ്ടുരൂപയും വര്‍ധിപ്പിച്ചു.

അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃ എണ്ണയുടെ വില ഉയര്‍ന്നതാണ് ഇപ്പോഴത്തെ വിലവര്‍ധനയ്ക്ക് കാരണമായി എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. എണ്ണവില താഴ്ന്ന സാഹചര്യങ്ങളിലും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍  കൊള്ളയടിച്ചിരുന്നു. ഇന്ധനവില തോന്നിയ പോലെ നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ തോന്നിയപടി വിലവര്‍ധിപ്പിക്കുകയാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s