റയലിനെ തള്ളി ബാഴ്സ

മാഡ്രിഡ് : സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് ബാഴ്സലോണ ഒന്നാമത്. സ്പോര്‍ടിങ് ഗിജോണിനെ ഒന്നിനെതിരെ ആറു ഗോളിന് തറപറ്റിച്ചായിരുന്നു ബാഴ്സയുടെ മുന്നേറ്റം. റയല്‍ മാഡ്രിഡ് ലാ പാല്‍മസുമായി അപ്രതീക്ഷിത സമനിലയില്‍കുരുങ്ങി (3-3). തോല്‍വിയില്‍നിന്ന് റയല്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബാഴ്സയ്ക്ക് 25 കളിയില്‍ 57 പോയിന്റാണ്. റയലിന് 24 കളിയില്‍ 56 പോയിന്റ്.

സമീപകാലത്ത് മങ്ങിപ്പോയ റയല്‍, പാല്‍മസിനോട് തോല്‍വിയിലേക്കു നീങ്ങിയതാണ്. കളി അവസാനിക്കാന്‍ നാലു മിനിറ്റ് ശേഷിക്കെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ റയലിനെ തോല്‍വിയില്‍നിന്നു രക്ഷിച്ചു. ഗാരെത് ബെയ്ല്‍ നേരിട്ട് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 10 പേരുമായാണ് റയല്‍ കളി അവസാനിപ്പിച്ചത്.

നൌകാമ്പില്‍ ബാഴ്സ ഗിജോണിനെ തവിടുപൊടിയാക്കി. ലൂയിസ് സുവാരസ് ഇരട്ടഗോള്‍ നേടി. ലയണല്‍ മെസി, നെയ്മര്‍, പാകോ അല്‍കാസെര്‍, ഇവാന്‍ റാകിടിച്ച് എന്നിവരും ബാഴ്സയുടെ ഗോള്‍പട്ടികയില്‍ ഇടംനേടി. നെയ്മറുടെ ഫ്രീകിക്ക് ഗോളായിരുന്നു ഇതില്‍ മനോഹരം.

വിയ്യാ റയലിനോട് വിയര്‍ത്തുനേടിയ ജയവുമായി സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ തിരിച്ചെത്തിയ റയല്‍, പാല്‍മസിന്റെ കളിക്കുമുന്നില്‍ തളര്‍ന്നുപോയി. കളിയുടെ എട്ടാം മിനിറ്റില്‍ മുന്നിലെത്തിയ റയല്‍ ഒരുമണിക്കൂര്‍ തികയുമ്പോഴേക്കും രണ്ട് ഗോളിന് പിന്നില്‍. ഇതിനിടെ ബെയ്ലിനെയും നഷ്ടമായി. വിയ്യാ റയലിനെതിരെ തിരിച്ചടിച്ചപോലെ അവസാനനിമിഷങ്ങളില്‍ റയല്‍ കത്തിക്കയറി. രണ്ട് ഗോളും വീണു. പക്ഷേ, ജയത്തിലെത്താനായില്ല.

കളിയുടെ എട്ടാം മിനിറ്റില്‍ ഇസ്കോ റയലിനെ മുന്നിലെത്തിച്ചു. മറ്റിയോ കൊവാസിച്ചിന്റെ ത്രൂപാസ് പിടിച്ചെടുത്ത് ഇസ്കോ അടിപായിച്ചു. ഉടന്‍വന്നു, പാല്‍മസിന്റെ മറുപടി. തകര്‍പ്പന്‍ ഗോളിലൂടെ ടാന പല്‍മാസിനെ ഒപ്പമെത്തിച്ചു. റയല്‍ മുന്നേറ്റനിര മങ്ങുകയായിരുന്നു. റൊണാള്‍ഡോയ്ക്കോ അല്‍വാരോ മൊറാട്ടോയ്ക്കോ എതിരാളികളെ പരീക്ഷിക്കാനായില്ല.

ഇടവേളയ്ക്കുശേഷമുള്ള ആദ്യമിനിറ്റുകളില്‍ റയലിന് കനത്ത തിരിച്ചടി കിട്ടി. ബെയ്ല്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. പാല്‍മസ് കളിക്കാരന്‍ ജൊനാതന്‍ വിയേരയുടെ കാലില്‍ ബെയ്ല്‍ രണ്ടുതവണ തട്ടി. പ്രതികരിച്ച വിയേരയെ തള്ളിയിടുകയും ചെയ്തു. ആദ്യം മഞ്ഞക്കാര്‍ഡ് കാട്ടിയ റഫറി ബൊര്‍ബളാന്‍ ഉടന്‍തന്നെ ചുവപ്പുകാര്‍ഡ് വീശി. പരിക്കുകാരണം ഏറെനാളായി പുറത്തിരുന്ന ബെയ്ല്‍ ഈയിടെയാണ് തിരിച്ചെത്തിയത്.

56-ാം മിനിറ്റില്‍ പാല്‍മസ് മുന്നിലെത്തി. ബോക്സില്‍വച്ച് പന്ത് കൈകൊണ്ടു തൊട്ടതിന് സെര്‍ജിയോ റാമോസിന് മഞ്ഞക്കാര്‍ഡ് കിട്ടി. പാല്‍മസിന് അനുകൂലമായി പെനല്‍റ്റിയും. വിയേരയാണ് കിക്കെടുത്തത്. മൂന്നുമിനിറ്റിന്റെ ഇടവേളയില്‍ പാല്‍മസിന്റെ മൂന്നാം ഗോളും വന്നു. കെവിന്‍ പ്രിന്‍സ് ബൊട്ടെങ് ഗോള്‍ നേടി. വിയേര അവസരമൊരുക്കി. വിയേരയുടെ അടി തടുക്കാന്‍ മുന്നിലേക്ക് ഓടിക്കയറിയ ഗോളി കെയ്ലര്‍ നവാസിന്റെ പിഴവാണ് ബോട്ടെങ്ങിന്റെ ഗോളില്‍ കലാശിച്ചത്.

പത്തു പേരായി ചുരുങ്ങിയിട്ടും റയല്‍ വിട്ടുകൊടുത്തില്ല. നിരന്തരം ആക്രമണം നടത്തി. ഒടുവില്‍ 86-ാം മിനിറ്റില്‍ റയലിന് ഫലം കിട്ടി. ബോക്സില്‍വച്ച് കാസ്റ്റെല്ലാനോ പന്ത് കൈകൊണ്ടു തൊട്ടതിന് റയലിന് പെനല്‍റ്റി കിട്ടി. റൊണാള്‍ഡോ അത് വലയിലെത്തിച്ചു. 90 മിനിറ്റ് തികയുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പായിരുന്നു റയലിന്റെ സമനില ഗോള്‍. വലതുഭാഗത്തുനിന്നുള്ള ജയിംസ് റോഡ്രിഗസിന്റെ കോര്‍ണര്‍ കിക്കില്‍ റൊണാള്‍ഡോ തലവച്ചു.

നൌകാമ്പില്‍ ബാഴ്സ ആഘോഷിക്കുകയായിരുന്നു. ഒന്നാന്തരം ഗോളിലൂടെ മെസി തുടങ്ങി. ബാഴ്സ ഗോള്‍മേഖലയില്‍നിന്ന് ഹാവിയര്‍ മഷെറാനോ തൊടുത്ത നെടുനീളന്‍ ക്രോസ് മെസി ഓടിയെടുത്തു. ഗോളി എത്തുംമുമ്പ് മെസിയുടെ തല കൃത്യമായി പന്തിനെ തൊട്ടു. പിന്നാലെ നെയ്മറൊരുക്കിയ നീക്കത്തില്‍ സുവാരസിന്റെ ഗോള്‍. കാസ്റ്റോ ഗാര്‍ഷ്യയിലൂടെ ഒരെണ്ണം തിരിച്ചടിച്ചെങ്കിലും ഗിജോണിന്റെ ആശ്വാസം ഏറെ നീണ്ടില്ല.  സുവാരസിന്റെ തകര്‍പ്പന്‍ വോളി ബാഴ്സയുടെ നേട്ടം മൂന്നാക്കി. ഇടവേളയ്ക്കുശേഷം സുവാരസിനെയും മെസിയെയും ലൂയിസ് എന്റിക്വെ പിന്‍വലിച്ചു. എന്നിട്ടും ഗോളടി അവസാനിപ്പിച്ചില്ല ബാഴ്സ.

അല്‍കാസെറിലൂടെ നാലാം ഗോള്‍. നെയ്മറിന്റെ ഉശിരന്‍ ഫ്രീകിക്ക് ഗോള്‍ 65-ാം മിനിറ്റില്‍ പിറന്നു. കളി തീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കെ റാകിടിച്ച് ചടങ്ങ് പൂര്‍ത്തിയാക്കി.

റയലിന് ഞായറാഴ്ച ഐബറിനെതിരെയാണ് അടുത്ത മത്സരം. ബെയ്ലിന് ഇറങ്ങാനാകില്ല. ബാഴ്സ സെല്‍റ്റ ഡി വിഗോയെ നേരിടും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s