മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവച്ചു; രാജി അന്വേഷണത്തിന് വഴിയൊരുക്കാന്‍ എന്ന്‌ ശശീന്ദ്രന്‍


കോഴിക്കോട് : ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ രാജിവച്ചു. മന്ത്രിയുടേതെന്ന പേരില്‍ ലൈംഗിക ചുവയുള്ള ടെലഫോണ്‍ സംഭാഷണം സ്വകാര്യചാനല്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് രാജി.  സംഭവം നിഷേധിക്കുന്നതായും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ഇത്തരം ആക്ഷേപമുണ്ടായ പശ്ചാത്തലത്തില്‍  മന്ത്രിസ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചാനല്‍ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു രാജി. മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി മുഖ്യമന്ത്രിയെ അറിയിച്ച ശേഷം ഞായറാഴ്ച പകല്‍ മൂന്നോടെയായിരുന്നു രാജിപ്രഖ്യാപനം. രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. ഗതാഗതവകുപ്പിന്റെ ചുമതല തല്‍ക്കാലം മുഖ്യമന്ത്രി തന്നെ വഹിക്കും.

ഒരു സ്ത്രീയുമായി നടത്തിയതെന്നു പറയുന്ന ടെലിഫോണ്‍ ശബ്ദശകലങ്ങളാണ് പുതുതായി തുടങ്ങിയ സ്വകാര്യ ചാനല്‍ പുറത്തു വിട്ടത്. സ്ത്രീ ഏതെന്നോ, അവര്‍ മന്ത്രിയെ സമീപിച്ചത് ഏതുകാര്യത്തിന് ആണെന്നോ, പരാതി നല്‍കിയെന്നോ ചാനല്‍ വ്യക്തമാക്കുന്നില്ല. മന്ത്രിയുടെതെന്ന പേരില്‍ എഡിറ്റ് ചെയ്ത ശബ്ദശകലങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. സ്ത്രീയുടെ ശബ്ദം എഡിറ്റ് ചെയ്തുമാറ്റിയിട്ടുമുണ്ട്.

ഈ സംഭവത്തെക്കുറിച്ച് തനിക്ക് ഒരറിവുമില്ലെന്ന് മന്ത്രി പറഞ്ഞു. അത് തന്റെ ശബ്ദമാണോ എന്ന് തിരിച്ചറിയാന്‍ താന്‍ ചാനല്‍ വാര്‍ത്ത കണ്ടിട്ടില്ല. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്.  നിരപരാധിത്വം തെളിയിക്കുന്നതുവരെ കാത്തുനിന്ന് മന്ത്രിസ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കണം എന്നാണ് തന്റെ ആവശ്യം. അന്വേഷണത്തിന് വഴിയൊരുക്കാനാണ് രാജി. താന്‍ മന്ത്രിപദവിയില്‍ ഇരുന്ന് അന്വേഷണം നടത്തുന്നത് ശരിയല്ല. മുമ്പ് ഇത്തരം ആരോപണമുയര്‍ന്ന യുഡിഎഫ് മന്ത്രിമാര്‍ രാജിവയ്ക്കണം എന്നായിരുന്നു പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്റെ നിലപാട്. സ്വന്തം  കാര്യത്തില്‍ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. അരുതാത്ത  ആക്ഷേപം കേട്ടപ്പോള്‍ ഈ പദവിയില്‍ തുടരുന്നത് ശരിയല്ലെന്ന് തോന്നി. തന്നെക്കുറിച്ചുള്ള വിശ്വാസം ഊട്ടിയുറപ്പിക്കേണ്ട ബാധ്യത തനിയ്ക്കുണ്ട്. ഈ ഘട്ടത്തില്‍ ആരെക്കുറിച്ചും ആരോപണം ഉന്നയിക്കാനും  തയ്യാറല്ല.

ഉചിതമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതായി തോന്നിയിട്ടില്ല.  രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേത്. ധാര്‍മികതക്ക് നിരക്കാത്ത ഒന്നും താന്‍ ചെയ്തിട്ടില്ല. ആരോടും മോശമായി സംസാരിച്ചിട്ടില്ല. വ്യക്തികളെ തേജോവധം ചെയ്യുന്ന വാര്‍ത്തകള്‍ പരിശോധന നടത്താതെ പുറത്തുവിടുന്നത് ശരിയാണോ എന്ന് മാധ്യമങ്ങള്‍ ആലോചിക്കണം.

രാജി വിവരം സംബന്ധിച്ച് മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ ശരിയെന്നു തോന്നുന്നത് തീരുമാനിക്കാനാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല. താന്‍ അങ്ങോട്ട് വിവരം അറിയിക്കുകയായിരുന്നു. ആലോചിച്ചിട്ട് തീരുമാനമെടുക്കാനാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റും പറഞ്ഞത്-എ കെ ശശീന്ദ്രന്‍ പറഞ്ഞു.

എന്‍സിപി നേതാവായ ശശീന്ദ്രന്‍ കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ മണ്ഡലത്തില്‍നിന്നാണ് നിയമസഭയിലെത്തിയത്. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയരംഗത്തെത്തിയ അദ്ദേഹം കണ്ണൂര്‍ ചൊവ്വ സ്വദേശിയാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s