കേരളം ഭരിക്കുന്നത്‌ ജാതിവ്യവസ്ഥയുടെ പീഢനങ്ങൾ ഏറ്റുവാങ്ങിയവരുമാണ്.

ജുനൈദ് കല്ലാച്ചി


അടിച്ചമർത്തപ്പെട്ടവർ അധികാരത്തിൽ ഉള്ള കേരളം സി പി എമ്മിനെ വിമർശിക്കാൻ സ്വത്വരാഷ്ട്രീയക്കാർ നിരന്തരം ഉപയോഗിച്ചുവന്ന ആയുധങ്ങളിൽ ഒന്നാണ് പ്രാതിനിധ്യക്കണക്ക്. ചിലർ പറഞ്ഞ് പരത്തിയത് കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി തല്ലുകൊള്ളാനും കൊല്ലപ്പെടാനും ഈഴവനും തീയനും ദളിതനും, അധികാര പദവികളിലേക്ക് ‘ഉന്നതകുല ജാതരും’ എന്നായിരുന്നു. ഇക്കൂട്ടർ നിശ്ചയമായും കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലവിലെ ഏറ്റവും ശക്തികേന്ദ്രമായ കേരളത്തെക്കുറിച്ച് പഠിക്കുന്നത് നന്നാകും എന്ന് തോന്നുന്നു.

കേരള മന്ത്രിസഭയിലെ ഒന്നാമൻ ഒരു ചെത്തുതൊഴിലാളിയുടെ മകനാണ്‌. തീയ്യജാതിയിൽ പെട്ടവൻ. തൊട്ടുകൂടായ്മ അനുഭവിച്ചവർ. മന്ത്രിസഭയിലെ രണ്ടാമൻ ദളിതനാണ്‌. പട്ടികജാതിക്കാരൻ എന്ന് ഒരിക്കൽ അധിക്ഷേപസ്വരത്തോടെ പി സി ജോർജ്ജ്‌ വിളിച്ച എ കെ ബാലൻ. പിന്നെയുള്ളവരിൽ എം എം മണിയും, ടി എം തോമസ്‌ ഐസക്കും ടി പി രാമകൃഷ്ണനും കെ കെ ശൈലജയും എ സി മൗദീനും കെ ടി ജലീലും മേഴ്‌സിക്കുട്ടിയമ്മയും കടകമ്പള്ളി സുരേന്ദ്രനും പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് വരുന്നവർ. അതായത്‌ ഭരണത്തിന്‌ നേതൃത്വം നൽകുന്ന സി പി ഐ എം-ന്റെ പന്ത്രണ്ട്‌ മന്ത്രിമാരിൽ പത്തുപേർ അവർണരോ മതന്യൂനപക്ഷമോ ആണ്‌. കേരളം ഭരിക്കുന്നത്‌ ക്രൂരമായ ജാതിവ്യവസ്ഥയുടെ പീഢനങ്ങൾ ഏറ്റുവാങ്ങിയ ചരിത്രാനുഭവങ്ങൾ ഉള്ളവർ കൂടിയാണെന്ന്. ഇങ്ങനെ ഒരു മാറ്റം എങ്ങനെ സാധ്യമായി എന്ന ചോദ്യത്തെ കമ്യൂണിസ്റ്റ്‌ പാർട്ടി നേതൃത്വം കൊടുത്ത എണ്ണമറ്റ കർഷകസമരങ്ങൾ, ഭൂപരിഷ്കരണം, വിദ്യാഭ്യാസബിൽ, നവോത്ഥാനത്തിന്റെ തുടർച്ച, പൊതുമേഖലയുടെ സംരക്ഷണം എന്നിവയൊക്കെ ചേർത്തുകൊണ്ട്‌ മാത്രമേ ഉത്തരം പറയാനാവുകയുള്ളു. ഇത് കേവലമായ മന്ത്രിസഭയുടെ മാത്രം കാര്യമല്ലെന്നാണ് വസ്തുത. സി പി ഐ എമ്മിന്റെ സംസ്ഥാന നേതൃത്വത്തിലും ഈ പ്രാതിനിധ്യം കാണാൻ സാധിക്കും. ഇത് ഏറ്റവും പ്രകടമായിട്ടുള്ളത് വിദ്യാർഥി-യുവജനപ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ ആണ്.

ഇത് കേരളീയ സമൂഹത്തിൽ നിശ്ചയമായും സംഭവിച്ച മാറ്റത്തിന്റെ കൂടി പ്രതിഫലനമാണ്. വർഗപരമായി ഒരു വലിയ വിഭാഗത്തെ ഉയർത്താൻ നടന്ന സത്യസന്ധമായ ഇടപെടലിന്റെ റിസൾട്ട് തന്നെയാണ്. രാഷ്ട്രീയ പാതിനിധ്യത്തിന്റെ അനിവാര്യതയിൽ ഊന്നുന്ന ബഹുജൻ രാഷ്ട്രീയ കക്ഷികൾ കേരളത്തിലെ ഈ വസ്തുതകളെ എങ്ങനെ വിലയിരുത്തും എന്ന് അറിയേണ്ടിയിരിക്കുന്നു. കേരളം ഇനിയും മുന്നേറേണ്ടതുണ്ട്‌ എന്ന് പറയുമ്പഴും ഈ മെറ്റീരിയലായ മാറ്റത്തെ കാണാതിരിക്കരുത്‌. ഇന്ത്യയിൽ ഏറ്റവും പ്രാകൃതമായ ജാതി വ്യവസ്ഥ നിലനിന്നിരുന്ന നാടാണ്‌. തൊട്ടുകൂടായ്മ മാത്രമല്ല കണ്ടുകൂടായ്മ (തീണ്ടിക്കൂടായ്മ) പോലും ഉണ്ടായിരുന്ന നാടാണ്‌. ഉത്തരേന്ത്യയിൽ നിന്നും ഇന്നും കേൾക്കുന്ന ജാതി അതിക്രമങ്ങളുടെ അനുഭവങ്ങൾ അതിലുമെല്ലാം എത്രയോ രൂക്ഷമായി നടന്ന നാടാണ് കേരളം. മൊബിലിറ്റി പൂർണമായും നിഷേധിക്കപ്പെടുമ്പോഴാണ് വർഗം ജാതിയുടെ രൂപത്തിലേക്ക് മാറുന്നത് എന്നാണ് അംബേദ്കർ പറയുന്നത്. അതാണ് ജാതിയുടെ നിലനിൽപ്പും. ആ മൊബിലിറ്റി സാധ്യമാക്കുന്നതിൽ ഭൗതിക സാഹചര്യങ്ങളിലെ മാറ്റം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് കേരളത്തിലെ അനുഭവം തെളിയിക്കുന്നത്.

തിരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിപ്പിക്കുന്ന ബ്രാഹ്മണരുടെ കണക്ക് പറഞ്ഞ് അക്കൂട്ടരുടെ വോട്ട് പിടിക്കാം എന്ന് കരുതിയ ബി എസ് പിക്കും ഇടതുപക്ഷത്തെ ആക്രമിക്കാൻ വേണ്ടി മാത്രം ജാതിയെക്കുറിച്ച് സംസാരിക്കുന്ന സവർണ-ഉന്നത ജാതിയിൽ പെട്ടവർ മാത്രം നേതൃത്വം നൽകുന്ന ജമാത്തെ ഇസ്ലാമിക്കാർക്കും തെറ്റുന്നത് ഇവിടെയാണ്. കേരളത്തിലെ അവസ്ഥ മെച്ചമാണ് എന്ന് പറയുമ്പോഴും ദളിതരുടെയുൾപ്പടെയുള്ള ജീവിതത്തിൽ വലിയ മാറ്റം സാധ്യമാക്കേണ്ടതുണ്ട്. എന്നാൽ അതൊന്നും, തീർത്തും മനുഷ്യത്വ രഹിതമായ ഒരു കാലഘട്ടത്തെ മറികടന്ന അനുഭവത്തെ റദ്ദ് ചെയ്യാൻ കാരണമല്ല.

(കോഴിക്കോട് സ്വദേശിയും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ. )

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s