ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ജീവപര്യന്തം

ന്യൂഡല്‍ഹി : ഗുജറാത്തില്‍ ഇറച്ചിക്കായി പശുക്കളെയും കാളകളെയും കൊല്ലുന്നവര്‍ക്ക് ഇനി ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളിയാഴ്ച ഗുജറാത്ത് നിയമസഭ പാസാക്കിയ മൃഗസംരക്ഷണ ഭേദഗതി ബില്ലിലാണ് പുതിയ വ്യവസ്ഥ. നിലവിലുണ്ടായിരുന്ന ഏഴ് വര്‍ഷം തടവാണ് ജീവപര്യന്തമായി ഉയര്‍ത്തിയത്. ശിക്ഷ 10 വര്‍ഷമാക്കണമെന്നായിരുന്നു സഭയില്‍ അവതരിപ്പിച്ച ബില്ലിലെ ഭേദഗതി നിര്‍ദേശം. എന്നാല്‍, ആഭ്യന്തര സഹമന്ത്രി പ്രദീപ്സിങ് ജഡേജ ശിക്ഷ ജീവപര്യന്തമാക്കണമെന്ന ഭേദഗതി അവതരിപ്പിക്കുകയായിരുന്നു. ശബ്ദവോട്ടോടെ സഭ ഭേദഗതി അംഗീകരിച്ചു.

ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജാതി-വര്‍ഗീയധ്രുവീകരണം തീവ്രമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിയമഭേദഗതി. 2011ല്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പശുക്കളെ കൊല്ലുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിച്ചിരുന്നു. ഗുജറാത്തില്‍ നേരത്തെ ഇറച്ചി കൈവശംവയ്ക്കുന്നതോ വില്‍ക്കുന്നതോ കാലികളെ കടത്തുന്നതോ കുറ്റകരമായിരുന്നില്ല. മോഡി ഭരണത്തില്‍ ഇതു രണ്ടും ശിക്ഷാര്‍ഹമാക്കി.

പുതിയ ഭേദഗതികള്‍ പ്രകാരം പശുക്കളെ കൊല്ലുന്നതും കടത്തുന്നതും ഇറച്ചി കൈവശം വയ്ക്കുന്നതുമെല്ലാം ജാമ്യം കിട്ടാത്ത കുറ്റങ്ങളാക്കി. പശുക്കളെയും കാളകളെയും വാഹനത്തില്‍ കടത്തിയാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷംവരെ തടവെന്ന ശിക്ഷ ഏഴ് മുതല്‍ 10 വര്‍ഷം വരെയാക്കി. പിഴത്തുക 50000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കി. കടത്തിയ വാഹനം പൊലീസിന് ഏറ്റെടുക്കാം. നേരത്തെ ആറുമാസത്തിന് ശേഷം വാഹനം വിട്ടുകൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. ഗുജറാത്തിന്റെ സംസ്കാരം പൂര്‍ണമായി സസ്യഭക്ഷണരീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിജയ് റുപാനി വ്യക്തമാക്കി.

യുപി വിജയത്തിനു ശേഷം തീവ്രഹൈന്ദവ അജന്‍ഡകള്‍ മറകൂടാതെ നടപ്പാക്കുന്ന തിരക്കിലാണ് ബിജെപി സര്‍ക്കാരുകള്‍. യുപി, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ അറവുശാലകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നു. പശുസംരക്ഷണത്തിന്റെപേരിലുള്ള സംഘപരിവാര്‍ അഴിഞ്ഞാട്ടം കൂടുതല്‍ തീവ്രമാക്കാന്‍ ഭേദഗതി വഴിവയ്ക്കും.

ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചതിന് നാല് ദളിത് യുവാക്കളെ സംഘപരിവാറുകാര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിന് ശേഷം വലിയ ദളിത് മുന്നേറ്റത്തിന് ഗുജറാത്ത് സാക്ഷ്യംവഹിച്ചു. ദളിതരെയും ന്യൂനപക്ഷങ്ങളെയും കൂടുതല്‍ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യവും നിയമനിര്‍മാണത്തിന് പിന്നിലുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s