ആര്‍ക്ക് ചെയ്താലും വോട്ട് ബിജെപിക്ക്; മധ്യപ്രദേശില്‍ വോട്ടിങ്‌യന്ത്ര ക്രമക്കേട് പുറത്ത്

ന്യൂഡല്‍ഹി : ബിജെപിക്ക് അനുകൂലമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെ മധ്യപ്രദേശില്‍ വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേട് പുറത്തുവന്നു. ഏപ്രില്‍ ഒമ്പതിന് അതെര്‍ അസംബ്ളിമണ്ഡലത്തില്‍ നടക്കേണ്ട ഉപതെരഞ്ഞെടുപ്പിനായി ഭിന്ദില്‍ സജ്ജീകരിച്ച വോട്ടിങ് യന്ത്രങ്ങളിലാണ് ക്രമക്കേട്് കണ്ടെത്തിയത്. ഏത് ബട്ടണില്‍ വിരലമര്‍ത്തിയാലും ബിജെപിക്ക് വോട്ട് രേഖപ്പെടുത്തുന്നതായാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയ പ്രാഥമികപരിശോധനയില്‍ വ്യക്തമായത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കൊപ്പം വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രെയില്‍ (വിവിപാറ്റ്) സംവിധാനം ഘടിപ്പിച്ചുള്ള പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.

മഹാരാഷ്ട്രയിലെ തദ്ദേശതെരഞ്ഞെടുപ്പിലും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ക്രമക്കേട് സംബന്ധിച്ച് ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണത്തിന് ശക്തിപകരുന്നതാണ് ഭിന്ദില്‍ നടത്തിയ വോട്ടിങ് യന്ത്രത്തിന്റെ പരിശോധനാഫലം. സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ സെലീനാസിങ്ങിന്റെയും കലക്ടറുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട്  റിപ്പോര്‍ട്ട് ചെയ്താല്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി.

വോട്ടിങ് യന്ത്രത്തിലെ ക്രമമനുസരിച്ച് ബിജെപി സ്ഥാനാര്‍ഥിയുടെ സ്ഥാനവും താമര ചിഹ്നവും ഒന്നാമതായിരുന്നു. കോണ്‍ഗ്രസ് രണ്ടാമതും ബഹുജന്‍ മുക്തിമോര്‍ച്ച മൂന്നാമതും സമാജ്വാദി പാര്‍ടി നാലാമതും സ്ഥാനങ്ങളിലായിരുന്നു. എന്നാല്‍, പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ ആദ്യം അമര്‍ത്തിയത് വോട്ടിങ് യന്ത്രത്തിലെ നാലാമത്തെ ബട്ടണായിരുന്നു. ബിജെപിക്ക് വോട്ട് രേഖപ്പെടുത്തിയെന്ന വിവിപാറ്റ് രസീതാണ് ലഭിച്ചത്.

ഇതോടെ ഈ വാര്‍ത്ത പുറത്തായാല്‍ നിങ്ങള്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയും തെരഞ്ഞെടുപ്പ് കമീഷണറുടെ ഭീഷണിയും ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെതുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ വോട്ടിങ് യന്ത്രങ്ങളില്‍ കണ്ടെത്തിയ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി സിപിഐ എമ്മും കോണ്‍ഗ്രസും ആം ആദ്മി പാര്‍ടിയും രംഗത്തെത്തി. വോട്ട് രേഖപ്പെടുത്തിയതിന്റെ രസീത് സൂക്ഷിക്കുന്ന രീതി പിന്തുടര്‍ന്നാല്‍മാത്രമേ വോട്ടിങ് യന്ത്രങ്ങള്‍ കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കാന്‍ പറ്റൂവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു.

അതെറിനൊപ്പം ബാന്ധവഗഡിലും ഈമാസം ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേട് പുറത്തായ സാഹചര്യത്തില്‍, ഇരുമണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നീട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയം മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുമായി ചര്‍ച്ച ചെയ്യുമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, പൂര്‍ണമായും സജ്ജീകരിച്ച തെരഞ്ഞെടുപ്പുയന്ത്രങ്ങളില്‍ ഇത്തരം ക്രമക്കേടുകള്‍ സംഭവിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s