സ്പാനിഷ് ലീഗില്‍ റയലടിച്ചു

മാഡ്രിഡ് : അവസാനറൌണ്ടിലെ പിരിമുറുക്കത്തില്‍ റയല്‍ മാഡ്രിഡ് ഇക്കുറി പതറിയില്ല. സ്പാനിഷ് ലീഗില്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം റയല്‍ കിരീടംചൂടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സെമയും തൊടുത്ത ഗോളുകള്‍ക്ക് മലഗയെ വീഴ്ത്തി. ആ രണ്ട് ഗോളിലായിരുന്നു റയലിന്റെ കിരീടധാരണം. റയലിന്റെ 33-ാം കിരീടം. അത്ഭുതങ്ങളില്‍ വിശ്വസിച്ച ബാഴ്സലോണയ്ക്ക് ഐബറുമായുള്ള നാടകീയജയംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
സ്ഥിരതയുള്ള പ്രകടനംകൊണ്ടാണ് ഇക്കുറി റയല്‍ ബാഴ്സയെ പിന്തള്ളിയത്. സിനദിന്‍ സിദാന്റെ പരിശീലനമികവും റൊണാള്‍ഡോയുടെ അസാമാന്യപ്രകടനവും റയലിന് കുതിപ്പുനല്‍കി. ഇനി ചാമ്പ്യന്‍സ് ലീഗ് ഫൈനലാണ്. ജൂണ്‍ മൂന്നിന് യുവന്റസുമായാണ് മത്സരം. ജയിച്ചാല്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാകും റയല്‍. സ്ഥാനമേറ്റെടുത്ത് ആറുമാസം തികയുമ്പോള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതാണ് സിദാന്‍. ഒരുവര്‍ഷംകൂടി കഴിയുമ്പോഴേക്കും ലീഗ് കിരീടം. ഒപ്പം ചാമ്പ്യന്‍സ് ലീഗില്‍ മറ്റൊരു ഫൈനല്‍കൂടി.

ഇക്കുറി ലീഗില്‍ റയല്‍ നടത്തിയത് ഏകപക്ഷീയമായ മുന്നേറ്റമായിരുന്നു. ഏപ്രില്‍ 23ന് രണ്ടാം ക്ളാസിക്കോയില്‍ റയല്‍ ബാഴ്സയോട് തോറ്റതോടെയാണ് പോരാട്ടം കടുത്തത്. വെറും മൂന്ന് പോയിന്റ് വ്യത്യാസമാണ് ഇരുസംഘങ്ങളെയും വേര്‍തിരിച്ചത്. അവസാന ഘട്ടത്തിലെത്തിയപ്പോള്‍ എല്ലാം ത്രസിപ്പിക്കുന്ന പോരാട്ടങ്ങളായി. കടുത്ത എതിരാളികളായിരുന്നു റയലിന്. പക്ഷേ, അവസാന ആറുമത്സരവും ജയിച്ച് ബാഴ്സയുടെ പ്രതീക്ഷകളെ തകര്‍ത്തുകളഞ്ഞു സിദാനും കൂട്ടരും.

ബാഴ്സയെ തോല്‍പ്പിച്ച മലഗ അവസാനറൌണ്ടില്‍ എതിരാളിയായി റയലിന്. റയലിന് ആശങ്കയും  ബാഴ്സയ്ക്ക് പ്രതീക്ഷയും. ഒരേസമയം റയല്‍ മലഗയെയും ബാഴ്സ ഐബറിനെയും നേരിട്ടു.

ലാ റൊസാലെദാ സ്റ്റേഡിയത്തില്‍ കളി രണ്ടു മിനിറ്റ് തികയുമ്പോഴേക്കും ലീഗ് കിരീടത്തിന് തീരുമാനമായി. മലഗയുടെ വലയില്‍ റൊണാള്‍ഡോയുടെ ഗോള്‍. മലഗ പ്രതിരോധക്കാരന്‍ ഹെര്‍ണാണ്ടസിന് പറ്റിയ അബദ്ധം. അപകടമൊഴിവാക്കാനായി ഹെര്‍ണാണ്ടസ് അടിച്ചുനല്‍കിയത് നേരെ ഇസ്കോയുടെ കാലുകളിലേക്കായിരുന്നു. അത് ഗോളിലേക്കു വഴിതുറന്നു. ഇസ്കോയുടെ ത്രൂബോള്‍ പിടിച്ചെടുത്ത് റൊണാള്‍ഡോ വല കണ്ടു. ഗോളി കമേനി കാഴ്ചക്കാരനായി. നൌകാമ്പില്‍ ജപ്പാന്‍കാരന്‍ തകാഷി ഇനുയ്  ഏഴാം മിനിറ്റില്‍തന്നെ ബാഴ്സലോണയുടെ പ്രതിരോധം തകര്‍ത്തു. റയല്‍ കിരീടത്തിലേക്ക് അടുത്തു, ബാഴ്സ നൌകാമ്പില്‍ വിളറി.

ഒരു ഗോളിനുമുന്നില്‍നിന്ന റയലിന് മലഗ പ്രശ്നങ്ങളുണ്ടാക്കി. സാന്‍ഡ്രോ റാമിറെസും കെകൊയും ഗോളിന് അടുത്തെത്തിയതാണ്. ഇടവേളയ്ക്കുശേഷം തിരിച്ചടിക്കുള്ള മലഗയുടെ  പ്രതീക്ഷ അവസാനിച്ചു. ടോണി ക്രൂസിന്റെ കോര്‍ണറില്‍ സെര്‍ജിയോ റാമോസ് തൊടുത്ത ഷോട്ട് കമേനി കുത്തിയകറ്റി. റാഫേല്‍ വരാനെയുടെ നെഞ്ചില്‍ത്തട്ടി പന്ത് ബെന്‍സെമയ്ക്ക്. വലയ്ക്ക് തൊട്ടരികെവച്ച് ഫ്രഞ്ചുകാരന്‍ അടിപായിച്ചു. റയല്‍ കിരീടം ഉറപ്പാക്കി.
അവസാനംവരെ സ്ഥിരത പുലര്‍ത്തിയതാണ് റയലിന്റെ ജയം. മറ്റേതു ടീമിനേക്കാളും മികച്ച പകരക്കാരുടെ നിരയുമുണ്ട് റയലിന്. അതിനെ നല്ല രീതിയില്‍ കൈകാര്യംചെയ്യാന്‍ സിദാന് കഴിഞ്ഞു. ഇസ്കോ, മാര്‍കോ അസെന്‍സിയോ, ജെയിംസ് റോഡ്രിഗസ്, ലൂകാസ് വാസ്കേസ്, അല്‍വാരോ മൊറാട്ട, നാച്ചോ എന്നിവര്‍ കിട്ടിയ അവസരങ്ങളില്‍ ജ്വലിച്ചു. ഗാരെത് ബെയ്ലിന് പരിക്കേറ്റതുകൊണ്ടുമാത്രം അവസരം കിട്ടിയ ഇസ്കോ അവസാനഘട്ടത്തില്‍ റയലിന്റെ ഊര്‍ജമായി മാറുകയായിരുന്നു.

നൌകാമ്പില്‍ ഇനുയ്യുടെ രണ്ടാംഗോളില്‍ ബാഴ്സ അമ്പരന്നു. കോച്ച് ലൂയിസ് എന്റിക്വെയ്ക്ക് ലീഗില്‍നിന്നുള്ള യാത്രയയപ്പ് തോല്‍വി കൊണ്ടാകരുതേയെന്ന് അവര്‍ ആശിച്ചു. 61-ാം മിനിറ്റ്വരെ ഐബര്‍ 2-0ന് മുന്നിട്ടുനിന്നു. രണ്ട് മിനിറ്റിനുള്ളില്‍ ജുന്‍കായുടെ ദാനഗോള്‍ ബാഴ്സയുടെ വാതില്‍തുറന്നു. 71-ാം മിനിറ്റില്‍ കിട്ടിയ പെനല്‍റ്റി ലയണല്‍ മെസി ഗോളി റോഡ്രിഗസ് ഒട്ടെറിനോയുടെ കൈകളിലേക്കാണ് അടിച്ചുകൊടുത്തത്. ബാഴ്സ അധ്വാനിച്ചു. 73-ാം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ ഒരു ഗോള്‍. രണ്ട് മിനിറ്റിനുള്ളില്‍ ബാഴ്സയ്ക്ക് അടുത്ത പെനല്‍റ്റി. നെയ്മറിനെ വീഴ്ത്തിയതിന് ഐബറിന്റെ ആന്‍ഡെര്‍ റോഡ്രിഗസിന് രണ്ടാം മഞ്ഞക്കാര്‍ഡും കിട്ടി. മെസിതന്നെയാണ് കിക്കെടുത്തത്. ഇക്കുറി അര്‍ജന്റീനക്കാരന് പിഴച്ചില്ല. ഇതോടെ ബാഴ്സ 3-2ന് മുന്നിലെത്തി. പരിക്കുസമയത്ത് മിന്നുന്ന ഗോളിലൂടെ മെസി ബാഴ്സയുടെ ജയമുറപ്പിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s