രാമൻ്റെ ഏദൻതോട്ടം – ഫിലിം റിവ്യൂ

ആർദ്ര വി.എസ്

Related image
ഒരു സമയം കളയലിൻ്റെ ഭാഗമായാണ് ‘രാമൻ്റെ ഏദൻ തോട്ടം’ കാണുന്നത്. കണ്ടു കഴിഞ്ഞപ്പോൾ അതിനെക്കുറിച്ചെഴുതുമെന്നും ഉറപ്പിച്ചു. രണ്ടു മൂന്നു ദിവസമായി എന്തെഴുതണം എന്നായിരുന്നു ആലോചന. ചില പുസ്‌തകങ്ങളും സിനിമകളും അങ്ങനെയാണ്. നമ്മുടെ വാക്കുകൾക്കും അപ്പുറം പിടി തരാതെ പരന്നു കിടക്കും.

എഴുതിയെ തീരു എന്ന വാശിയുടെ അവസാനമാണ് ഇപ്പോൾ ഈ എഴുതുന്നത്.എഴുതാതിരിക്കാൻ വയ്യെന്നാവുമ്പോഴുള്ള എഴുത്ത്.
ഏദൻ തോട്ടം എന്ന കാലപ്പഴക്കമേറെയുള്ള ബിംബമാണ് ഈ സിനിമയെ വാക്കുകളിലൊതുക്കാത്തത് എന്ന് തോന്നുന്നു. ‘രാമൻ്റെ ഏദൻ തോട്ടം’ എന്ന പേരിലെ കൗതുകം മുതൽ അവസാന രംഗം വരെ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്ന ഏദൻ തോട്ടം വലിയൊരു സാധ്യതയായി മാറുന്നു.
നമ്മുടെ സാഹിത്യവും സിനിമയും ഏറെക്കാലമായി കൂടെക്കൊണ്ടു നടക്കുന്ന ഒരു ക്ലാസിക് മെറ്റഫർ ആണ് ഏദൻ തോട്ടം . പ്രണയത്തിന്റേയും ജീവിതത്തിന്റേയും സ്ത്രീ പുരുഷ ബന്ധത്തിന്റേയും മാത്രമല്ല, വിലക്കുകളുടേയും തെളിഞ്ഞ ചിത്രമാണ് അത്. പെണ്ണിനെ രണ്ടാം തരക്കാരിയാക്കുന്നതിന്റെ ‘ശാസ്ത്രീയ വിശദീകരണങ്ങൾക്കു ‘ തുടക്കവും ആദാമിൻ്റെ ഈ തോട്ടത്തിൽ നിന്നാണല്ലോ.

എന്നാൽ ക്ലീഷേ ആയിത്തുടങ്ങിയ ‘ഏദൻ തോട്ടം’ എന്ന മെറ്റഫറിക് ഇമേജിനെ ഏറെ വ്യത്യസ്തമായ ഒരു തലത്തിലേക്ക് മറിച്ചിടുകയാണ് ‘രാമൻ്റെ ഏദൻ തോട്ടം’ എന്ന സിനിമ . ആണിടങ്ങൾ ചമച്ച വിലക്കിന്റെ കനികൾക്കപ്പുറം കടന്ന് ,ഓട്ടപ്പാച്ചിലുകൾക്കൊടുവിൽ പ്രിയപ്പെട്ട നാല് ദിവസങ്ങൾ ജീവിക്കാനായി മാലിനിക്ക് മുന്നിൽ തുറക്കുന്നതാണ് ഈ തോട്ടം. ഭർത്താവിനും മകൾക്കും വേണ്ടിയുള്ള , അവളുടേതല്ലാതായ ജീവിതത്തിൽ, ചവറ്റുകൊട്ടയിലേക്കെറിഞ്ഞ സ്വപ്നങ്ങളും നൃത്തവും അവളിലേക്ക് ഓടിക്കിതച്ചും ചിരിച്ചും വരുന്നത് ഈ ഏദൻ തോട്ടത്തിൻ്റെ വാതിലുകളിലൂടെയാണ്. സൗഹൃദവും പ്രണയവും അതിൻ്റെ ഏറ്റവും മനോഹരമായ ഭാവത്തിൽ ആവിഷ്ക്കരിക്കുമ്പോൾ പ്രണയത്തെ ലൈംഗികതയുമായി മാത്രം ചേർത്തു വക്കുന്ന ശരാശരി സദാചാര ബോധം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.

ഏദൻ തോട്ടത്തിലെ പ്രണയം വിധേയത്വത്തിനപ്പുറം സ്വാതന്ത്ര്യത്തിന്റേതാകുന്നതും അങ്ങനെയാണ്. തുടക്കം മുതൽ ഒടുക്കം വരെ സിനിമ അതിൻ്റെ ഉള്ളം കയ്യിൽ സൂക്ഷിക്കുന്ന ഒരു വിരോധാഭാസമുണ്ട്. അത് ഒരു പുരുഷ കേന്ദ്രിത സമൂഹത്തിൻ്റെ കപട ലിംഗനീതി താലോലിച്ചു വളർത്തിയ ആൺബോധത്തെ ഏറിയ മൂർച്ചയോടെ കരിച്ചു കളയുന്നു. പെണ്ണ് പതിവ്രതയും കുലീനയുമാവണമെന്ന ആ ബോധത്തിൽ നിന്നും ,സ്നേഹമില്ലായ്മകളിൽ ശരീരം മാത്രമായി മാറുന്നു എന്ന ബോധ്യപ്പെടലിൽ നിന്നുമാണ് മാലിനിയുടെ ഇറങ്ങി നടത്തം. പെണ്ണിൻ്റെ ഇറങ്ങിപ്പോവലുകൾ മലയാള സിനിമക്ക് ഏറെ പരിചിതമാണ്. ആ ഇറങ്ങി നടത്തങ്ങൾ പലപ്പോഴും ഒരു മാപ്പു പറച്ചിലിൽ അവസാനിക്കാറുമുണ്ട്. എന്നാൽ മാലിനിയുടെ നടത്തം അവളുടെ സ്വപ്നങ്ങളിലേക്കാണ്. ഓരോരുത്തരും അവരവരുടേതായ ലോകങ്ങളിൽ ജീവിക്കും പോലെ … മാലിനിയും സ്വന്തം ലോകങ്ങളിൽ ജീവിതമാസ്വദിക്കുന്നു. ഏദൻ തോട്ടവും രാമനും അവളുടെ ‘സ്വപ്നങ്ങളിലേക്കുള്ള ക്രാഷ് കോഴ്സ് ‘ ആയി തുടരുന്നു.

“നല്ലൊരു കുടുംബം ഉണ്ടാക്കി മോൾക്ക് കാണിച്ചു കൊടുക്കാൻ നമുക്ക് കഴിഞ്ഞില്ല. ഇനി അവൾക്കു നൽകാനുള്ളത് മനോഹരമായ രണ്ട് ലോകങ്ങളാണ്. ഒന്ന് എൽവിസ് അവിടെ. മറ്റൊന്ന് ഞാനിവിടെ “… മാലിനിയുടെ ഈ വാക്കുകൾ എൽവിസിനോട് മാത്രമല്ല. അവ ഇപ്പോഴും ഞാൻ കേൾക്കുന്നുണ്ട്. ആ രണ്ട് മനോഹര ലോകങ്ങൾ കാണുന്നുമുണ്ട്. അവഗണനകളിൽ വീർപ്പുമുട്ടുമ്പോഴും കുട്ടികൾക്കു വേണ്ടി നിശബ്ദമാവുന്ന പെണ്ണൊച്ചകളുള്ള വീടുകൾക്കപ്പുറം ഈ ലോകങ്ങൾ ഏറെ മനോഹരമാണ്.
‘രാമൻ്റെ ഏദൻ തോട്ടം’ ഒന്നിനേയും കുറ്റപ്പെടുത്തുന്നില്ല. പകരം ഓരോന്നിനേയും ഒരു നനഞ്ഞ പുഞ്ചിരിയായി അവസാനിപ്പിക്കുകയാണ്. പേടികളെയെല്ലാം ഇഷ്ടങ്ങളാക്കി മാറ്റുന്ന മാന്ത്രികത അവസാന രംഗത്തിനുമപ്പുറം പടർത്തുകയാണ്.

മനോഹരമായ ഛായാഗ്രഹണവും കാസ്റ്റിംഗും പശ്ചാത്തല സംഗീതവും ഈ ഏദൻ തോട്ടത്തെ കൂടുതൽ തെളിച്ചമുള്ളതാക്കുന്നു. ‘Who decides the expiry date of a woman’s dream’ എന്ന ചോദ്യത്തിലൂടെ മലയാള സിനിമ തുറന്നു വച്ച ഉയരങ്ങളിലേക്ക് തന്നെയാണ് ‘രാമൻ്റെ ഏദൻ തോട്ടം’ നടന്നു നീങ്ങുന്നത്. ജെൻ്റർ ഐഡന്റിറ്റികൾക്കു മീതെ സ്വത്വബോധത്തിന് നിറം നൽകുന്ന ഏദൻ തോട്ടം ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

(ഡൽഹി അംബേദ്കർ സർവ്വകലാശാലയിൽ ഇംഗ്ലീഷ് ലിറ്ററേചർ  ബിരുദ വിദ്യാർത്ഥിയാണ് ലേഖിക.) 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s