ധവാന്‍ 190, ഇന്ത്യ 3-399

ഗാലെ : ടെസ്റ്റ് ക്രിക്കറ്റിലേക്ക് പകരക്കാരനായി മടങ്ങിയെത്തിയ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറി (190)യുടെയും ചേതേശ്വര്‍ പൂജാര പുറത്താകാതെ നേടിയ 144 റണ്ണിന്റെയും മികവില്‍ ഇന്ത്യ ശ്രീലങ്കയുമായുള്ള ഒന്നാം ടെസ്റ്റിന്റെ ഒന്നാംദിനം ശക്തമായ നിലയില്‍ അവസാനിപ്പിച്ചു. മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി 399 റണ്ണടിച്ചു ഇന്ത്യ. ഓപ്പണര്‍ അഭിനവ് മുകുന്ദ് (12), ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോഹ്ലി (3) എന്നിവരാണ് പുറത്തായവര്‍. മൂന്നു വിക്കറ്റും ലങ്കയുടെ ഒപ്പണിങ് പേസര്‍ നുവാന്‍ പ്രദീപ് സ്വന്തമാക്കി. 94 പന്തില്‍ 39 റണ്ണുമായി അജിന്‍ക്യ രഹാനെയാണ് പൂജാരയ്ക്ക് കൂട്ടായി ക്രീസില്‍.

ഗാലെയിലെ റണ്ണൊഴുകുന്ന പിച്ചില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബാറ്റിങ് തെരഞ്ഞെടുക്കാന്‍ സംശയിക്കേണ്ടിവന്നില്ല. എന്നാല്‍ ഇന്നിങ്സിന്റെ എട്ടാം ഓവറില്‍ നുവാന്‍ പ്രദീപ് മുകുന്ദിനെ മടക്കി ലങ്ക കളിയില്‍ ആദ്യമധുരം നുണഞ്ഞു. പ്രദീപിന്റെ പുറത്തേക്കുപോകുന്ന പന്തില്‍ ബാറ്റ്വച്ച മുകുന്ദിനെ വിക്കറ്റിനുപിറകില്‍ നിരോഷന്‍ ഡിക്വെല്ല പിടികൂടുകയായിരുന്നു.

ആദ്യമധുരം നുണഞ്ഞ ലങ്കയ്ക്ക് പിന്നീട് ധവാനും പൂജാരയും ചേര്‍ന്ന് മറുപടി നല്‍കി. ഫീല്‍ഡിങ്ങിലെ പിഴവ് ലങ്കയ്ക്ക് കയ്പായി. 14-ാം ഓവറില്‍ ലാഹിരു കുമാരയുടെ പന്തില്‍ ധവാനെ പിടികൂടാനുള്ള അവസരം അസേല ഗുണരത്നെ കൈവിട്ടുകളഞ്ഞു. കുമാരയുടെ ഓഫ്സൈഡില്‍ കുത്തിയുയരുന്ന പന്ത് ധവാന്റെ ബാറ്റിലുരഞ്ഞ് രണ്ടാം സ്ളിപ്പിലേക്ക് പറന്നു. പിടികൂടാന്‍ ഇടത്തേക്കു ചാടിയ ഗുണരത്നെയുടെ പരിക്കുള്ള ഇടംകൈയില്‍ തട്ടി പന്ത് നിലത്തേക്ക്. പരിക്ക് ഗുരുതരമായ ഗുണരത്നെ കൂടാരംകയറി.

വ്യക്തിഗത സ്കോര്‍ 31ല്‍ നില്‍ക്കുകയായിരുന്നു ധവാന്‍. പുറത്താകുംവരെ പിന്നീട് ഈ ഇടംകൈയന്‍ പിഴവുകാട്ടിയില്ല. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ധവാന്‍ 78 പന്തില്‍ 64 റണ്ണും പൂജാര 59 പന്തില്‍ 39 റണ്ണുമടിച്ച് പുറത്താകാതെനിന്നു. 27 ഓവറില്‍ ഇന്ത്യയുടെ സ്കോര്‍ 115ഉം.
ഏകദിനശൈലിയില്‍ അടിച്ചുതകര്‍ക്കുകയായിരുന്നു ധവാന്‍ പിന്നീട്. കഴിഞ്ഞ 11 ടെസ്റ്റില്‍ ടീമില്‍ ഇടംകിട്ടാത്തതിന് മറുപടിയെന്നോണം ആ ബാറ്റില്‍നിന്ന് ബൌണ്ടറിക്കുപിറകെ ബൌണ്ടറികള്‍ പിറന്നു. നുവാന്‍ പ്രദീപിന്റെ ബൌണ്‍സറുകളെ മാത്രം ബഹുമാനിച്ച്, പൂജാരയും ഒപ്പംകൂടി. ലങ്കയുടെ താല്‍കാലിക ക്യാപ്റ്റന്‍ രംഗന ഹെരത്ത് അടക്കമുള്ള ബൌളര്‍മാര്‍ ധവാന്റെ ഇരകളായി. ദില്‍റുവാന്‍ പെരേരയെറിഞ്ഞ 35-ാം ഓവറിന്റെ ഒന്നാം പന്ത് ലോങ് ലെഗ് ബൌണ്ടറിക്ക് പറഞ്ഞയച്ച് ധവാന്‍ സെഞ്ചുറി ആഘോഷിച്ചു. 110 പന്തിലായിരുന്നു ധവാന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി.

ഒരോവറില്‍ ഒരു ബൌണ്ടറിയെന്ന നിരക്കില്‍ ധവാനും പൂജാരയും ഇന്ത്യന്‍ ഇന്നിങ്സ് നയിച്ചു. 41 ഓവറില്‍ ഇന്ത്യ 200 കടന്നു. അടിതുടര്‍ന്ന ധവാന്‍ 47-ാം ഓവറില്‍ 150ലെത്തി. 147-ാം പന്തിലായിരുന്നു ഈ നേട്ടം. അതേ പന്തില്‍ പൂജാരയുമായുള്ള കൂട്ടുകെട്ട് 200ഉം തൊട്ടു. ഇടയില്‍ പൂജാര അരസെഞ്ചുറി പൂര്‍ത്തിയാക്കി.
ഇന്നിങ്സിന്റെ 50-ാം ഓവറിലെത്തിയപ്പോഴേക്കും രണ്ടാം സെഷനില്‍ മാത്രം ധവാന്‍ 100 റണ്ണെടുത്തിരുന്നു. ഇന്ത്യ ഒരു വിക്കറ്റിന് 255 എന്ന ശക്തമായ സ്കോറിലും. റണ്‍നിരക്ക് അഞ്ചിനുമുകളിലേക്ക് കുതിച്ചു. ധവാന്‍ നിര്‍ത്തിയില്ല. ഹെരത്ത് എറിഞ്ഞ ആ ഓവറിന്റെ അവസാന രണ്ട് പന്ത് ബൌണ്ടറിതേടിപ്പോയി.

ആഞ്ഞടിച്ച ധവാന്‍ 54-ാം ഓവറിന്റെ അഞ്ചാം പന്തില്‍ ബൌണ്ടറി നേടി തന്റെ ഉയര്‍ന്ന സ്കോര്‍ മറികടന്നു. അരങ്ങേറ്റ ടെസ്റ്റില്‍ നേടിയ 187 റണ്ണായിരുന്നു അതുവരെ ധവാന്റെ മികച്ച സ്കോര്‍. അടുത്ത പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് സൂക്ഷിച്ച ഇന്ത്യന്‍ ഓപ്പണര്‍ക്ക് പക്ഷേ അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ശ്രദ്ധ പിഴച്ചു. നുവാന്‍ പ്രദീപിനെ മുന്നോട്ടാഞ്ഞ് ആക്രമിച്ച ധവാന്റെ ബാറ്റിന്റെ ചുവട്ടിലാണ് പന്തു കൊണ്ടത്. ലോങ് ഓഫിലേക്ക് ലക്ഷ്യംവച്ച ഷോട്ട് പക്ഷേ, മിഡോഫില്‍ ഏഞ്ചലോ മാത്യൂസിന്റെ കൈയില്‍ അവസാനിച്ചു. 168 പന്തില്‍ 31 ബൌണ്ടറികളായിരുന്നു ആ ഇന്നിങ്സില്‍ അടങ്ങിയത്. ആ ഓവറിനുശേഷം കളി ചായക്ക് പിരിഞ്ഞു. അപ്പോഴേക്കും രണ്ടാം സെഷനില്‍ മാത്രം ഇന്ത്യ 167 റണ്ണടിച്ചുകൂട്ടിയിരുന്നു. 5.96 ആയിരുന്നു റണ്‍ നിരക്ക്.

ധവാന് പകരക്കാരനായ കോഹ്ലിക്ക് അധികം ആയുസ്സുണ്ടായില്ല. ചായക്കുശേഷം രണ്ടാമത്തെ ഓവറില്‍ നുവാന്‍ പ്രദീപ്തന്നെ ഇന്ത്യന്‍ ക്യാപ്റ്റന് മടക്കടിക്കറ്റ് നല്‍കി. ഇടത്തേക്കു കുത്തിയുയര്‍ന്ന പന്തില്‍ പുള്‍ഷോട്ടിന് ശ്രമിച്ചതായിരുന്നു കോഹ്ലി. ബാറ്റിലുരസിയ പന്ത്് ഡിക്വെല്ല ചാടിയുയര്‍ന്ന് കൈയുറകളിലാക്കി. അമ്പയര്‍ ഒക്സെര്‍ഫോര്‍ഡ് വിക്കറ്റ് അനുവദിച്ചില്ല. എന്നാല്‍ വീഡിയോ പുനഃപരിശോധനയില്‍ പന്ത് ബാറ്റിലുരഞ്ഞതായി തെളിഞ്ഞു. വിന്‍ഡീസ് പര്യടനത്തിലും കോഹ്ലി സമാനമായ ബൌണ്‍സറുകളില്‍ പുറത്തായിരുന്നു. എട്ട് പന്തില്‍നിന്ന് മൂന്ന് റണ്ണായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ സമ്പാദ്യം.

തുടരെ രണ്ടുവിക്കറ്റ് സ്വന്തമാക്കി ലങ്ക കളിയിലേക്ക് തിരിച്ചുവന്നു. പൂജാരയും രഹാനെയും വിക്കറ്റ് നഷ്ടപ്പെടാതെ കളിച്ചതോടെ ബൌണ്ടറികള്‍ നിലച്ചു. റണ്‍നിരക്ക് അഞ്ചിനു താഴേക്ക് വീണു. എങ്കിലും കൂടുതല്‍ നഷ്ടമില്ലാതെ ഇരുവരും ഒന്നാംദിനക്കളി അവസാനിപ്പിച്ചു. 247 പന്തില്‍നിന്നാണ് പൂജാര 144ല്‍ എത്തിയത്. 12 ബൌണ്ടറി നേടി. പൂജാരയ്ക്ക് മികച്ച കൂട്ടുനല്‍കിയ രഹാനെ ഒരു ബൌണ്ടറിയുടെ മാത്രം സഹായത്തിലാണ് 39 റണ്ണെടുത്തത്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s